| Sunday, 12th January 2020, 7:00 pm

'പാവപ്പെട്ട പാട്ടുകാരന്റെ പിച്ചചട്ടിയിലും കൈയിട്ടു തുടങ്ങിയോ'; മാതളത്തേനുണ്ണാന്‍ എന്ന ഗാനം പാടിയത് താനാണെന്ന് അവകാശപ്പെട്ട മോഹന്‍ലാലിനെതിരെ ഗായകന്‍ വി.ടി മുരളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ ‘മാതളത്തേനുണ്ണാന്‍ പാറിപ്പറിന്നു വന്ന മാണിക്യകുയിലാളേ’ എന്ന പാട്ട് പാടിയത് താനാണെന്ന് അവകാശപ്പെട്ട മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഗായകന്‍ വി.ടി മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശനിയാഴ്ച്ച പുറത്ത് പോയ ധര്‍മ്മജനോടാണ് ഇത് താന്‍ പാടിയ പാട്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

‘മാതളതേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ’ എന്ന പാട്ട് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിന് വേണ്ടി താന്‍ പാടിയതാണെന്ന് വി.ടി മുരളി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശനിയാഴ്ച്ച ബിഗ് ബോസ് ഷോയില്‍ നിന്നു പുറത്ത് പോയ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് പാട്ട് പാടാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ധര്‍മ്മജന്‍ പാടിയതാണ് മാതളതേനുണ്ണാന്‍ എന്ന് തുടങ്ങുന്ന ഗാനം. ഇതിനു തുടര്‍ച്ചയായാണ് മോഹന്‍ ലാല്‍ ഈ ഗാനം താന്‍ പാടിയതാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ മോഹന്‍ ലാല്‍ പാടി അഭിനയിച്ചതാണ് എന്നായിരിക്കും ഉദ്ദേശിച്ചത് എന്ന് നിരവധി പേര്‍ വി.ടി മുരളിയുടെ ഫെയ്‌സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി.

We use cookies to give you the best possible experience. Learn more