| Thursday, 20th August 2026, 7:09 pm

ടെസ്റ്റിൽ വിദേശ പിച്ചുകളിൽ സച്ചിനെക്കാൾ മികച്ചവൻ അവനാണ്: ഡിവില്ലിയേഴ്സ്

സുദേവ് എ

ടെസ്റ്റ് ക്രിക്കറ്റിൽ വിദേശികളിലെ സച്ചിൻ ടെൻഡുൽക്കറുടെയും വിരാട് കോഹ്‌ലിയുടെയും പ്രകടനങ്ങളെ താരതമ്യം ചെയ്തിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്. വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് വിരാടാണെന്നാണ് ഡിവിയേഴ്സ് പറഞ്ഞത്.

വിദേശ പിച്ചുകളിൽ തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിൻ ആണെന്നും എന്നാൽ അത് പിന്നീട് ഉയർന്ന തലത്തിലേക്ക് കൊണ്ടുപോയത് വിരാട് ആണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സൗത്ത് ആഫ്രിക്കൻ ഇതിഹാസം.

‘സച്ചിൻ ടെൻഡുൽക്കറെ പോലുള്ള ഒരാളാണ് ഇന്ത്യയിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കമിട്ടത്. വിരാട് അതിനെ കൂടുതൽ മുന്നോട്ടു കൊണ്ടു പോയി. ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു താരത്തിന് ബൗൺസും സീമുമുള്ള പിച്ചുകളിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണ്. പിന്നീട് വിരാട് ആ നിലവാരം കൂടുതൽ ഉയർത്തി,’ എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സച്ചിൻ. ടെസ്റ്റിൽ 200 മത്സരങ്ങളിൽ നിന്നും 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. വിദേശ പിച്ചുകളിൽ 8705 റൺസാണ് സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുള്ളത്. ഇതിൽ സേന രാജ്യങ്ങൾക്കെതിരെ(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) 63 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 5387 റൺസും സച്ചിൻ നേടിയിട്ടുണ്ട്. 17 സെഞ്ച്വറിയും 23 അർധ സെഞ്ച്വറികളുമാണ് സച്ചിൻ സേന രാജ്യങ്ങൾക്കെതിരെ അടിച്ചെടുത്തിട്ടുള്ളത്.

മറുഭാഗത്ത് വിരാട് 123 മത്സരങ്ങളിൽ നിന്നും 9230 റൺസും സ്വന്തമാക്കി. ഇതിൽ വിദേ പിച്ചുകളിൽ 46 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 3161 റൺസാണ് വിരാട് നേടിയിട്ടുള്ളത്. 12 തവണ വിരാട് മൂന്നക്കം കടന്നപ്പോൾ 14 സെഞ്ച്വറികളും തന്റെ പേരിലാക്കി മാറ്റി.

അതേസമയം നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ്. ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ തട്ടകമായ ഗാല്ലെയിൽ നടന്ന മത്സരത്തിൽ 165 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 206 റൺസിന് പുറത്തായി.

ആറ് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയ മാനവ് സുതറാണ് ലങ്കൻ നിരയിലെ തകർത്തത്. 23.4 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 55 റൺസ് വിട്ടുനൽകിയാണ് താരം ആറ് വിക്കറ്റുകൾ നേടിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി ശ്രീലങ്കയുടെ പതനം പൂർത്തിയാക്കി.

ഈ തകർപ്പൻ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാൻ ലങ്കക്ക് വിജയം അനിവാര്യമാണ്.

Content Highlight: AB Devilliers talks about Sachin Tendulker and Virat Kohli performance in test outside India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more