| Tuesday, 3rd June 2025, 8:32 am

ഞാന്‍ വിരാടിന് അങ്ങനൊരു നിര്‍ദേശം നല്‍കി, പക്ഷേ അവനത് ചെവി കൊണ്ടില്ല; തുറന്ന് പറഞ്ഞ് ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് മൈതാനങ്ങളില്‍ അഗ്രസ്സീവ് മനോഭാവങ്ങള്‍ക്ക് പേരുകേട്ടയാളാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. തന്റെ വികാരങ്ങള്‍ അതുപോലെ തന്നെ താരം ഫീല്‍ഡില്‍ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ നടക്കുന്ന ഐ.പി.എല്ലില്‍ പോലും അത്തരമൊരു വിരാടിനെയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

കളിക്കളത്തിലെ അഗ്ഗ്രസീവ് മനോഭാവത്തിന് പലപ്പോഴും വിരാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വികാരങ്ങള്‍ നിയന്ത്രിച്ച് മത്സരങ്ങളെ സമീപിക്കാന്‍ ശ്രമിക്കണമെന്ന് താന്‍ ഒരിക്കല്‍ വിരാടിനോട് നിര്‍ദേശിച്ചിരുന്നവെന്ന് പറയുകയാണ് മുന്‍ ആര്‍.സി.ബി താരം എ.ബി. ഡി വില്ലിയേഴ്സ്.

‘ഇതിനെക്കുറിച്ച് ഞങ്ങള്‍ മുമ്പ് പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സീസണില്‍ ബ്രേക്ക് എടുക്കാനും റിലാക്‌സ് ചെയ്യാനും ഞാന്‍ അവനോട് നിര്‍ദേശിച്ചിരുന്നു. അത് നല്ല ഐഡിയയാണെന്ന് അവന്‍ അംഗീകരിച്ചെങ്കിലും വലിയ വ്യത്യാസം ഉണ്ടാക്കിയതായി തോന്നുന്നില്ല,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

തന്റെ നിര്‍ദേശം വിരാട് സ്വീകരിച്ചില്ലെന്ന് തോന്നുവെന്നും അഗ്ഗ്രസ്സീവ്‌നസ് താരത്തിന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. കരിയറിലെയും ജീവിതത്തിലെയും വിജയങ്ങള്‍ക്ക്‌ കാരണം വിരാട് എല്ലാ വികാരങ്ങളെയും തുറന്ന് കാണിക്കുന്നതിനാലാണെന്നും സൗത്ത് ആഫ്രിക്കന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അവന്‍ എന്റെ നിര്‍ദേശം സ്വീകരിച്ചില്ലെന്ന് തോന്നുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അവന്‍ അങ്ങനെയാണ്. അവന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാതിരിക്കാന്‍ അവന് കഴിയില്ല, അതാണ് അവനെ നയിക്കുന്നത്. അത് അവന്റെ ശക്തികളില്‍ ഒന്നാണ്.

അവന്‍ ആരാണെന്നതിന്നാലും എല്ലാം തുറന്നു സംസാരിക്കുന്നതും കൊണ്ടാണ് തന്റെ കരിയറിലും ജീവിതത്തിലും വിജയം കണ്ടെത്തിയത്. എന്നിരുന്നാലും, കളിക്കുമ്പോള്‍ അവന്‍ കൂടുതല്‍ ശാന്തനും നിയന്ത്രണമുള്ളവനുമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മുമ്പ് അവനോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു പക്ഷേ ഞാന്‍ പറഞ്ഞത് തെറ്റായിരിക്കാം,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

Content Highlight: AB De Villiers talks about the aggressive attitude of Virat Kohli

We use cookies to give you the best possible experience. Learn more