| Thursday, 25th June 2026, 4:19 pm

സഞ്ജുവിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്: ഡി വില്ലിയേഴ്സ്

ഫസീഹ പി.സി.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കാത്തതില്‍ വിമര്‍ശനവുമായി പ്രോട്ടിയാസ് ഇതിഹാസം എ. ബി. ഡി വില്ലിയേഴ്സ്. ഇഷാന്‍ കിഷനും കെ.എല്‍. രാഹുലുമാണ് ടോപ് വിക്കറ്റ് കീപ്പർമാരെങ്കിലും സഞ്ജു ടീമിലില്ലാതത്തില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലിലും അതിന് മുമ്പും സഞ്ജു മികച്ച ഫോമിലായതിനാല്‍ ടീമില്‍ ഇടം പിടിക്കാന്‍ വലിയ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡി വില്ലിയേഴ്സ്.

‘ഇഷാന്‍ കിഷനും കെ.എല്‍. രാഹുലുമാണ് നിലവില്‍ ഇന്ത്യയുടെ ടോപ് വിക്കറ്റ് കീപ്പര്‍മാര്‍. റിഷബ് പന്തും സഞ്ജു സാംസണും ടീമിലില്ല എന്നതാണ് ഇതിലെ പ്രധാന കാര്യം. ടീമില്‍ ഇടം പിടിക്കുന്നതില്‍ സഞ്ജുവിന് വലിയ സാധ്യതയുണ്ടായിരുന്നു.

പന്തിനേക്കാള്‍ കൂടുതല്‍ സാധ്യത സഞ്ജുവിനായിരുന്നുവെന്ന് പറയാം. അവന് മികച്ചൊരു ഐ.പി.എല്‍ സീസണുണ്ടായിരുന്നു. അതിന് മുമ്പും അവൻ ഫോമിലായിരുന്നു. ടീം പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങളൊന്നുമില്ലെങ്കിലും, സാംസണിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. അവന്‍ ടീമില്‍ ഉള്‍പ്പെടാന്‍ വളരെ അടുത്തായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിന ക്രിക്കറ്റില്‍ കളത്തിലിറങ്ങിയത്. അന്ന് സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയായിരുന്നു താരം തിരികെ കയറിയത്. 114 പന്തില്‍ 108 റണ്‍സായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം.

എന്നാല്‍, അതിന് ശേഷം സഞ്ജുവിന് 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം കേരളം ടീമിലേക്ക് തിരിച്ചെത്തി ലിസ്റ്റ് എയില്‍ താരം സെഞ്ച്വറി അടിച്ചിരുന്നു. കൂടാതെ, ഇന്ത്യന്‍ ടി – 20 ടീമിലും ഐ.പി.എല്ലിലും വിക്കറ്റ് കീപ്പര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഏകദിന ടീമിലേക്ക് ഒരു മടങ്ങി വരവിന് ഇനിയും താരത്തിന് സാധിച്ചിട്ടില്ല.

Content Highlight: AB De Villiers talks about Sanju Samson missing out in Indian ODI Squad

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more