| Wednesday, 18th June 2025, 11:14 am

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ന്യായവും സന്തുലിതവുമാവണം, അതിനാൽ ഈ മാറ്റം പരീക്ഷിക്കാവുന്നത്; നിർദേശവുമായി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 2023 – 25 സൈക്കിളിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് സൗത്ത് ആഫ്രിക്ക ജേതാക്കളായിരുന്നു. 27 വർഷങ്ങളുടെ കിരീട വരൾച്ച അവസാനിപ്പിച്ചാണ് പ്രോട്ടിയാസ് കിരീടം നേടിയിരുന്നത്.

പുതിയ ചാമ്പ്യൻമാരെത്തിയതോടെ ഒരു പുതിയ ഡബ്ല്യു.ടി.സി സൈക്കിൾ ഈ മാസം ആരംഭിക്കുകയാണ്. നാലാം ഘട്ട ടെസ്റ്റ് ചാമ്പ്യൻഷിനുള്ള ഷെഡ്യൂൾ ടീമുകൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഐ.സി.സി ഡബ്ല്യു.ടി.സി ഫോർമാറ്റിൽ മാറ്റങ്ങൾ വേണമെന്ന് പറയുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എ.ബി. ഡി വില്ലിയേഴ്‌സ്.

‘ഈ സുപ്രധാന നിമിഷം ഒരിക്കലും നഷ്ടമാവില്ല. പക്ഷേ, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരേണ്ടതുണ്ട്. പുതിയ ഡബ്ല്യു.ടി.സി സൈക്കിളിനുള്ള ഷെഡ്യൂൾ ഞാൻ കണ്ടു. ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഒന്നുകൂടി മികച്ചതാവാൻ കൂടുതൽ പരിശ്രമം ആവശ്യമുണ്ട്. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കും അത് കഴിയുന്നത്ര നീതിയുക്തവും സ്ഥിരതയുള്ളതുമാവേണ്ടതുണ്ട്.

ഫൈനലിലെത്തുമ്പോൾ ടീമുകൾക്ക് എല്ലാ രാജ്യങ്ങൾക്ക് എതിരെ കളിച്ചതായി തോന്നണം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മുമ്പ് ഉണ്ടായിരുന്നതുപോലെ ടെസ്റ്റ് ഫൈനൽ നാല് വർഷത്തിൽ ഒരിക്കലാക്കണം. ന്യായവും സന്തുലിതമായ ഒരു സംവിധാനം സൃഷ്‌ടിക്കാൻ അത് കൂടുതൽ സംവിധാനം നൽകും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

2023 – 2025 ഡബ്ല്യു.ടി.സി സൈക്കിളിൽ ഫൈനലിൽ കളിച്ച സൗത്ത് ആഫ്രിക്ക12 ടെസ്റ്റ് മാത്രം കളിച്ചപ്പോൾ ഓസ്ട്രേലിയ 19 എണ്ണമാണ് കളിച്ചത്. ഇന്ത്യയുടേയും ടെസ്റ്റ് മത്സരങ്ങൾ 19 തന്നെയായിരുന്നു. 22 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടാണ് ഏറ്റവും കൂടുതൽ ടെസ്റ്റിനിറങ്ങിയത്. കുറവാകട്ടെ, ഫൈനൽ കളിച്ച സൗത്ത് ആഫ്രിക്കയും 12 ടെസ്റ്റ് കളിച്ച ബംഗ്ലാദേശുമാണ്. ഈ കണക്കുകളിലെ സ്ഥിരതയില്ലായ്മയെ ചൂണ്ടിക്കാട്ടിയാണ് ഡി വില്ലിയേഴ്സിന്റെ പ്രസ്താവന.

അതേസമയം, പുതിയ ഡബ്ല്യു.ടി.സി സൈക്കിളിൽ ചെറിയ രീതിയിൽ മാറ്റങ്ങളുണ്ട്. ചാമ്പ്യന്മാരായ സൗത്ത് ആഫ്രിക്ക രണ്ടും ഓസ്ട്രേലിയ മുന്നും ടെസ്റ്റ് കൂടുതൽ കളിക്കുന്നുണ്ട്.

ഓരോ ടീമിനും ഡബ്ല്യു.ടി.സി 2025 – 2027 സൈക്കിളിനുള്ള മത്സരങ്ങൾ

ഓസ്‌ട്രേലിയ: 22

ബംഗ്ലാദേശ്: 12

ഇംഗ്ലണ്ട്: 21

ഇന്ത്യ: 18

ന്യൂസിലാൻഡ്: 16

പാകിസ്ഥാൻ: 13

ദക്ഷിണാഫ്രിക്ക: 14

ശ്രീലങ്ക: 12

വെസ്റ്റ് ഇൻഡീസ്: 14

(കടപ്പാട് : സ്പോർട്സ് കീഡ)

Content Highlight: AB de Villiers suggests that a four-year cycle would be nice for World Test Championship

We use cookies to give you the best possible experience. Learn more