| Sunday, 15th March 2026, 10:24 am

വിരമിച്ചിട്ടും ഡി വില്ലിയേഴ്സ് തന്നെ മുന്നില്‍; വിരമിച്ചിട്ടും ഡി വില്ലിയേഴ്‌സ് തന്നെ മുന്നിൽ; രോഹിത്തും വിരാടും ധോണിയും വരുന്നുണ്ട്, ഒട്ടും സെയ്ഫല്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ആവേശം കെട്ടടങ്ങും മുമ്പ് തന്നെ മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി തിരി തെളിയുകയാണ്. അതേ, ക്രിക്കറ്റ് ആരാധകരെ പല ചേരികളിലാക്കുന്ന ഐ.പി.എല്‍ പൂരത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28നാണ് 2026 സീസണ്‍ ആരംഭിക്കുന്നത്.

ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.

ടൂര്‍ണമെന്റ് അടുത്തെത്തുമ്പോള്‍ ടി – 20 ലോകകപ്പില്‍ തിളങ്ങിയവര്‍ തങ്ങളുടെ പ്രിയ ടീമുകള്‍ക്കായും വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഓരോ ടീമിലെയും താരങ്ങള്‍ വെടിക്കെട്ടുമായി കളം നിറഞ്ഞ് കളിച്ചാല്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കുക മാത്രമല്ല, പല റെക്കോഡുകളും തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. അങ്ങനെ ഏതെല്ലാമായിരിക്കും പഴങ്കഥയാവുക എന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ.

എ.ബി. ഡി വില്ലിയേഴ്സ്. Photo:cricket.com

ഐ.പി.എല്‍ 19ാം സീസണ്‍ എത്തി നില്‍ക്കുമ്പോള്‍ തകര്‍ക്കപ്പെടാത്ത ഒരു റെക്കോഡുണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് (പി. ഒ. ടി. എം) അവാര്‍ഡ് സ്വന്തമാക്കിയ താരം എന്ന നേട്ടമാണിത്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമത് ആര്‍.സി.ബിക്കായി ദീര്‍ഘകാലം കളിച്ച സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സാണ്.

ക്രിസ് ഗെയ്ല്‍.

ഐ.പി.എല്ലില്‍ 14 സീസണ്‍ കളിച്ച ഡി വില്ലിയേഴ്സ് 25 തവണയാണ് കളിയിലെ താരമായത്. 184 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്ര അവാര്‍ഡുകള്‍ കൈപിടിയിലൊതുക്കിയത്. 2021ല്‍ ഐ.പി.എല്ലിനോട് പ്രോട്ടിയാസ് ബാറ്റര്‍ വിട പറഞ്ഞെങ്കിലും ഇന്നും ഈ റെക്കോഡ് താരത്തിന്റെ പേരില്‍ തന്നെയാണ്.

ഈ ലിസ്റ്റില്‍ രണ്ടാമതായുള്ളത് ക്രിസ് ഗെയ്ലാണ്. താരത്തിന് 22 പി. ഒ. ടി. എമ്മാണുള്ളത്. ഇരുവരും ഇപ്പോള്‍ ടൂര്‍ണമെന്റില്‍ സജീവമല്ല. എന്നാല്‍, ഈ റെക്കോഡിന് ചെക്ക് വെക്കാന്‍ പോന്ന താരങ്ങള്‍ ഈ സീസണില്‍ കളത്തിലിറങ്ങുന്നുണ്ട്.

ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ തന്നെ കളിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരാണത്. ഈ ലിസ്റ്റില്‍ മൂന്ന് മുതല്‍ അഞ്ച് വേറെയുള്ള സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത് ഇവരാണ്.

രോഹിത് ശർമയും വിരാട് കോഹ്‌ലിയും എം.എസ് ധോണിയും. Photo: Crickettracker

21 പി. ഒ. ടി. എമ്മുമായി രോഹിതാണ് മൂന്നാം സ്ഥാനത്ത്. പിന്നാലെ 19 എണ്ണവുമായി വിരാടും 18 എണ്ണവുമായി ധോണിയുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി തകര്‍ക്കാന്‍ കഴിയാത്ത ഈ റെക്കോഡ് ഇത്തവണയെങ്കിലും തിരിത്തുകുറിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പി. ഒ. ടി. എം നേടിയ താരങ്ങള്‍

(താരം – മത്സരങ്ങള്‍ – പി. ഒ. ടി. എം)

എ.ബി. ഡി വില്ലിയേഴ്സ് – 184 – 25

ക്രിസ് ഗെയ്ല്‍ – 142 – 22

രോഹിത് ശര്‍മ – 272 – 21

വിരാട് കോഹ്ലി – 267 – 19

എം.എസ് ധോണി – 278 – 18

ഡേവിഡ് വാര്‍ണര്‍ – 184 – 18

Content Highlight: AB De Villiers still hold the record of player of the match in IPL; will anyone challenge it in IPL 2026

We use cookies to give you the best possible experience. Learn more