ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ്. ടി – 20 ലോകകപ്പില്‍ നിര്‍ണായകഘട്ടങ്ങളില്‍ താരം പുറത്തെടുത്തത് സമാനതകളില്ലാത്ത പ്രകടനങ്ങളാണെന്നും താന്‍ നേരിട്ട ഏറ്റവും മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ പേസറെന്നും അദ്ദേഹം പറഞ്ഞു.
ബുംറ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണെന്നും ബൗളിങ് മികവ് മാത്രമല്ല താരം വളരെ എളിമയുള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.
എ.ബി ഡിവില്ലിയേഴ്‌സ്. Photo: lndian Sports Netwrk/x.com
‘ഇന്ത്യയില്‍ ഒരു ഫാസ്റ്റ് ബൗളറായി തിളങ്ങുക എളുപ്പമല്ല, എന്നാല്‍, ജസ്പ്രീത് ബുംറ അത്ഭുതങ്ങള്‍ കാണിക്കുന്നു. ടി – 20 ലോകകപ്പില്‍ ചില സമയങ്ങളില്‍ അവനും അടി വാങ്ങിയിട്ടുണ്ട്. പക്ഷേ, സെമി ഫൈനലിലും ഫൈനലിലും നിര്‍ണായക ഘട്ടത്തില്‍ അവന്‍ കാഴ്ച്ചവെച്ചത് അസാമാന്യ പ്രകടനങ്ങളാണ്. ഇതുപോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല.
ബുംറക്കെതിരെ റണ്‍സെടുക്കാന്‍ സാധിക്കും. പക്ഷേ, നിര്‍ണായകമായ സാഹചര്യത്തില്‍ വ്യത്യസ്തമായ രീതിയിലാണ് പന്തെറിയുന്നത്. അവന്‍ അപ്പോള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളയാളെ പോലെയാണ് തോന്നുന്നത്. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിനൊരു മുതല്‍ക്കൂട്ടാണ്.
ബുംറ അനാവശ്യ ബഹളങ്ങളോ മോശം പെരുമാറ്റമോയില്ലാത്ത ശാന്തനായ വ്യക്തിയാണ്. വളരെ എളിമയുള്ള താരവുമാണ്. അവന്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല. പകരം ടീമിന് ആവശ്യമുള്ളപ്പോളെല്ലാം മികച്ച രീതിയില്‍ പ്രകടനം നടത്തും. അവനൊരു ഇതിഹാസമാണ്. ഞാനെന്റെ കരിയറില്‍ നേരിട്ടുള്ള ഏറ്റവും മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ബുംറ,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
2026 ടി – 20 ലോകകപ്പില്‍ ബുംറ മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ പ്രകടനങ്ങള്‍ നടത്താതെ അവസാന മത്സരങ്ങളില്‍ വിക്കറ്റുകള്‍ പിഴുതാന്‍ താരം ഈ ലിസ്റ്റില്‍ തലപ്പത്തെത്തിയത്.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും ബുംറ നിര്‍ണായക പ്രകടനങ്ങള്‍ നടത്തിയിരുന്നു. താരം റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞ ഓവറുകള്‍ ഇന്ത്യന്‍ വിജയത്തിന് മുതല്‍കൂട്ടായിരുന്നു. ഫൈനലില്‍ പേസര്‍ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പ്രകടനത്തോടെ താരം ഫൈനലിലെ താരവുമായിരുന്നു.
Content Highlight: AB De Villiers says that Jasprit Bumrah is down to earth and he bowled insane overs when in mattered most in T20 World Cup 2026