| Sunday, 29th June 2025, 10:13 pm

ഞങ്ങൾ സ്‌റ്റെയ്‌നെ മാനേജ് ചെയ്തിരുന്നത് ഇങ്ങനെ, ഇന്ത്യയ്ക്ക് ബുംറയുടെ കാര്യത്തിൽ ഇതു പരീക്ഷിക്കാം; നിർദേശവുമായി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് ടീം മുന്നിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ത്രീ ലയൺസ് ലീഡ് നേടിയത്.

ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയവും പരമ്പരയിൽ സമനിലയുമാണ് ലക്ഷ്യമിടുന്നത്.

എന്നാൽ ഇന്ത്യൻ ബൗളിന്റെ നെടുംതൂണായ ജസ്പ്രീത് ബുംറ ഈ മത്സരത്തിൽ കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. താരത്തിന്റെ വര്‍ക്ക്‌ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിനായും ജോലി ഭാരം ലഘൂകരിക്കുന്നതിനായും ഒന്നിടവിട്ട ടെസ്റ്റുകളിലായിരിക്കും ബുംറ കളത്തിലിറങ്ങുക എന്ന് നേരത്തെ തന്നെ കോച്ച് ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ബുംറയെ എല്ലാ മത്സരത്തിൽ കളിപ്പിക്കാതിരിക്കുന്നതിനെ കുറിച്ചും ഏങ്ങനെ താരത്തെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറയെന്നും അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ അവന് വിശ്രമം നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്ൽ സ്റ്റെയ്നിന് പ്രാധാന്യം കുറഞ്ഞ ടി-20, ഏകദിന മത്സരങ്ങളിൽ ഞങ്ങൾ വിശ്രമം നല്കാറുണ്ടായിരുന്നുവെന്നും അതുപോലെ ബുംറയ്ക്ക് നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു എ.ബി. ഡി വില്ലിയേഴ്‌സ്.

‘ഇപ്പോൾ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ. അതുകൊണ്ട് അവന് വിശ്രമം നൽകാൻ നല്ല വഴി കണ്ടെത്തുക പ്രയാസമാണ്. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ചത്. അതുകൊണ്ട് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ അവന് വിശ്രമം നൽകേണ്ടതായിരുന്നു.

ഡെയ്ൽ സ്റ്റെയ്‌നിന്റെ കാര്യത്തിൽ ഞങ്ങൾ അതായിരുന്നു ചെയ്തത്. പ്രാധാന്യം കുറഞ്ഞ ടി-20, ഏകദിന മത്സരങ്ങളിൽ ഞങ്ങൾ അദ്ദേഹത്തിന് വിശ്രമം നൽകുമായിരുന്നു. അതുപോലെ ബുംറയ്ക്ക് വിശ്രമം നൽകാം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് പോലുള്ള വലിയ ടീമുകൾക്കെതിരെയും എവേ മത്സരങ്ങളിലും താരത്തെ തയ്യാറാക്കി നിർത്തുക,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

Content Highlight: AB De Villiers says that India can rest Jasprit Bumrah in less Important matches, and they used this technique with Dale Steyn

We use cookies to give you the best possible experience. Learn more