എതിരാളികളുടെ മനസില് ഭയം നിറയ്ക്കുന്ന ബാറ്റിങ് ശൈലി, മത്സരം തുടങ്ങി ആദ്യ അഞ്ച് ഓവര് പിന്നിടുമ്പോഴേക്കും തോല്വി മുന്നില്ക്കാണുന്ന സാഹചര്യം!
ഇതിഹാസ ഇന്ത്യന് ഓപ്പണര് വിരേന്ദര് സെവാഗിന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കന് ഇതിഹാസം എ.ബി ഡി വില്ലിയേഴ്സ്. സെവാഗിന്റെ ആക്രമണോത്സുക ബാറ്റിങ് എതിര് ടീമുകള്ക്കുണ്ടാക്കിയിരുന്ന മാനസിക സമ്മര്ദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഡി വില്ലിയേഴ്സ്.
ഇന്ത്യന് പ്രീമിയര് ലീഗില് സെവാഗിനൊപ്പം കളിച്ച അനുഭവങ്ങള് പങ്കുവെക്കുന്നതിനിടെയാണ് ഡി വില്ലിയേഴ്സ് സെവാഗിനെ പ്രശംസിച്ചത്. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവില് കളിക്കുന്നതിന് മുമ്പ് ദല്ഹി ഡെയര്ഡെവിള്സില് (ഇപ്പോള് ദല്ഹി ക്യാപിറ്റല്സ്) മൂന്ന് സീസണുകളില് ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു.
‘അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നു. എന്നാല് അദ്ദേഹം ബാറ്റ് ചെയ്തിരുന്ന രീതി അങ്ങേയറ്റം ഭയപ്പെടുത്തുന്നതായിരുന്നു. മത്സരം തുടങ്ങി ആദ്യ അഞ്ച് ഓവര് കഴിയുമ്പോഴേക്കും നമ്മള് തോല്ക്കുമെന്ന തോന്നലുണ്ടാകും. ശരിക്കും പറഞ്ഞാല്, മത്സരം തുടങ്ങിയിട്ടുപോലുമുണ്ടാകില്ല.
എതിരാളികളില് നിരാശയുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കളി. മത്സരത്തിലേക്ക് ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പുതന്നെ എതിരാളികള് തളര്ന്നുപോകുന്ന അവസ്ഥയായിരുന്നു. അത്ര മികച്ചൊരു കളിക്കാരനായിരുന്നു അദ്ദേഹം. സെവാഗ് ബാറ്റ് ചെയ്യുന്നത് കാണാന് എനിക്ക് ഏറെ ഇഷ്ടമായിരുന്നു,’ ഡിവില്ലിയേഴ്സ് പറഞ്ഞു.
സെവാഗിനൊപ്പം കളിച്ചിരുന്ന ആദ്യ മൂന്ന് ഐ.പി.എല് സീസണുകള് രസകരമായ അനുഭവമായിരുന്നുവെന്നും ഡി വില്ലിയേഴ്സ് കൂട്ടിച്ചേര്ത്തു. പ്രഖര് ഗുപ്തയുമായുള്ള പോഡ്കാസ്റ്റില് സംസാരിക്കുകയായിരുന്നു ഡി വില്ലിയേഴ്സ്.
ഇന്ത്യന് ക്രിക്കറ്റിലെ ഏറ്റവും ആക്രമണോത്സുകരായ ഓപ്പണര്മാരില് ഒരാളായി സെവാഗ് സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്ന് ഫോര്മാറ്റുകളിലും 36 മത്സരങ്ങളില് നിന്ന് 40.54 ശരാശരിയില് 1865 റണ്സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും അഞ്ച് അര്ധസെഞ്ച്വറികളുമാണ് പ്രോട്ടിയാസിനെതിരെ സെവാഗ് നേടിയത്.
സെവാഗ് തന്റെ അന്താരാഷ്ട്ര കരിയര് അവസാനിപ്പിച്ചത് 374 മത്സരങ്ങളില് നിന്ന് 40.31 ശരാശരിയില് 17253 റണ്സും 38 സെഞ്ച്വറികളും 72 അര്ധ സെഞ്ച്വറികളും ഉള്പ്പെടെയാണ്.