| Thursday, 13th March 2025, 11:51 am

എന്തിന് വിരമിക്കണം? രോഹിത്തിന് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറാന്‍ സാധിക്കും; പ്രശംസിച്ച് ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്സ്. രോഹിത് ശര്‍മയ്ക്ക് വിരമിക്കാന്‍ ഒരു കാരണവുമില്ലെന്നും ഒരു വിമര്‍ശനവും സ്വീകരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 മുതല്‍ പവര്‍പ്ലേയില്‍ രോഹിത് തന്റെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തിയെന്നും അതാണ് നല്ലതും മികച്ചതും തമ്മിലുള്ള വ്യതാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിലാണ് ഡി വില്ലിയേഴ്സ് അഭിപ്രായം അറിയിച്ചത്.

‘രോഹിത് ശര്‍മയ്ക്ക് വിരമിക്കാന്‍ ഒരു കാരണവുമില്ല. ഒരു വിമര്‍ശനവും സ്വീകരിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് സ്വയം സംസാരിക്കുന്നു. മാത്രമല്ല, തന്റെ കളിയെ ഒരു പരിധിവരെ രോഹിത് മാറ്റിമറിച്ചു. ഓപ്പണിങ് ബാറ്റര്‍ക്ക് പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു,

പക്ഷേ 2022 മുതല്‍ ആദ്യ പവര്‍പ്ലേയില്‍ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 115 ആയി ഉയര്‍ന്നു, അതാണ് നല്ലതും മികച്ചതും തമ്മിലുള്ള വ്യത്യാസം. ഇത് നിങ്ങളുടെ സ്വന്തം ഗെയിമിനെ പരിവര്‍ത്തനം ചെയ്യുന്നു, അത് ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങള്‍ക്ക് എപ്പോഴും എന്തെങ്കിലും പഠിക്കാനും നന്നായി ചെയ്യാനും ഉണ്ടാകും,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

ഏകദിന മത്സരങ്ങളിലെ രോഹിത്തിന്റെ വിജയ ശതമാനവും ഡി വില്ലിയേഴ്സ് ചൂണ്ടിക്കാണിച്ചു. രോഹിത്തിന്റെ വിജയ ശതമാനം മറ്റേത് ക്യാപ്റ്റനെക്കാളും കൂടുതലാണെന്നും ഇന്ത്യന്‍ നായകന് എക്കാലത്തെയും മികച്ച ഏകദിന ക്യാപറ്റന്‍മാരില്‍ ഒരാളാകാന്‍ കഴിയുമെന്നും താരം പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 83 പന്തില്‍ 76 റണ്‍സെടുത്ത രോഹിത്തിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു.

‘രോഹിത്തിന്റെ വിജയശതമാനം നോക്കൂ, ഇത് ഏകദേശം 74% ആണ്. ഇത് മുന്‍കാലങ്ങളിലെ മറ്റേതൊരു ക്യാപ്റ്റനെക്കാളും വളരെ കൂടുതലാണ്. അദ്ദേഹം ഇത് തുടര്‍ന്നാല്‍, എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരില്‍ ഒരാളായി മാറാന്‍ കഴിയും.

എന്തിനാണ് അദ്ദേഹം വിരമിക്കുന്നത്? ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് രോഹിത് കാഴ്ച വെച്ചത്. ഫൈനലില്‍ 83 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി വിജയത്തിന് അടിത്തറ പാകി. സമ്മര്‍ദ ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയിരുന്നു. ഇത് ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലും ഇന്ത്യ രോഹിത്തിന് കീഴില്‍ ജേതാക്കളായിരുന്നു. എങ്കിലും താരത്തിന്റെ പ്രകടനത്തിലും ഫോമിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫൈനല്‍ മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മത്സര ശേഷം രോഹിത് തന്നെ താനിപ്പോളൊന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Content Highlight: AB de Villiers praises Rohit Sharma

We use cookies to give you the best possible experience. Learn more