| Sunday, 3rd August 2025, 2:08 pm

രണ്ട് മുന്‍ ആര്‍.സി.ബി ക്യാപ്റ്റന്‍മാര്‍, ഒപ്പം ധോണിയും മലിംഗയും രോഹിത്തും; ടീമുമായി എ.ബി.ഡി

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ഓള്‍ ടൈം ഐ.പി.എല്‍ ടീം തെരഞ്ഞെടുത്ത് ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്സ്. വിരാട് കോഹ്‌ലിയും ഡാനിയല്‍ വെറ്റോറിയുമടക്കം രണ്ട് മുന്‍ ആര്‍.സി.ബി ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെയുള്ള ഐ.പി.എല്‍ ലെജന്‍ഡ്സ് ഉള്‍പ്പെടുത്തുന്നതാണ് ഡി വില്ലിയേഴ്സ് തെരഞ്ഞെടുത്ത ടീം.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സിന്റെ ഫൈനലിന് മുമ്പ് ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് ഡി വില്ലിയേഴ്സ് ഈ ടീമിനെ തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മയും മാത്യു ഹെയ്ഡനുമാണ് ഡി വില്ലിയേഴ്സിന്റെ ഓള്‍ ടൈം ഐ.പി.എല്‍ ഇലവന്റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി വിരാട് കോഹ്‌ലി കളത്തിലിറങ്ങുമ്പോള്‍ നാലാമനായി സൂര്യകുമാര്‍ യാദവിനെയാണ് ഡി വില്ലിയേഴ്സ് തെരഞ്ഞെടുത്തിരിക്കുന്നത്.

അഞ്ചാം നമ്പറില്‍ സ്വയം തെരഞ്ഞെടുത്ത മിസ്റ്റര്‍ 360 ആറാം നമ്പറില്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറായി ധോണി ഏഴാം നമ്പറിലെത്തുമ്പോള്‍ ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചഹല്‍, ലസിത് മലിംഗ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലെത്തും. ഡാനിയല്‍ വെറ്റോറിയാണ് പതിനൊന്നാമന്‍.

എ.ബി. ഡി വില്ലിയേഴ്സിന്റെ ഓള്‍ ടൈം ബെസ്റ്റ് ഐ.പി.എല്‍ ഇലവന്‍

രോഹിത് ശര്‍മ, മാത്യു ഹെയ്ഡന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദഗവ്, എ.ബി. ഡി വില്ലിയേഴ്സ്, ഹര്‍ദിക് പാണ്ഡ്യ, എം.എസ്. ധോണി, ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചഹല്‍, ലസിത് മലിംഗ, ഡാനിയല്‍ വെറ്റോറി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തി എ.ബി. ഡി വില്ലിയേഴ്സ് നയിച്ച സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് കിരീടമണിഞ്ഞിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ എ.ബി ഡി വില്ലിയേഴ്‌സിന്റെ സെഞ്ച്വറിക്കരുത്തില്‍ പ്രോട്ടിയാസ് ലെജന്‍ഡ്‌സ് മറികടക്കുകയായിരുന്നു. 19 പന്ത് ബാക്കി നില്‍ക്കവെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് വിജയിച്ചത്. ഡി വില്ലിയേഴ്സാണ് ഫൈനലിലെ താരം. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഡി വില്ലിയേഴ്സ് തന്നെയായിരുന്നു.

Content Highlight: AB de Villiers picks his all time best IPL Eleven

We use cookies to give you the best possible experience. Learn more