| Saturday, 14th March 2026, 1:48 pm

സഞ്ജുവല്ല, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് അര്‍ഹത ഈ ഇന്ത്യന്‍ താരത്തിന്: ഡി വില്ലിയേഴ്‌സ്

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിന് സഞ്ജു സാംസണേക്കാള്‍ അര്‍ഹത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരുന്നുവെന്ന് എ.ബി ഡി വില്ലിയേഴ്‌സ്. നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ അവസരത്തിനൊത്തുയരുകയും ബ്രേക് ത്രൂ നേടുകയും ചെയ്തതിനാലാണ് ഡി വില്ലിയേഴ്‌സ് ബുംറയെ തെരഞ്ഞെടുത്തത്.

തന്റെ യൂ ട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ബി ഡി വില്ലിയേഴ്‌സ്

‘സഞ്ജു സാംസണും ബുംറയും തമ്മിലുള്ള വളരെ കടുത്ത പോരാട്ടമായിരുന്നു അത്. എന്തുകൊണ്ടാണ് ഞാന്‍ ബുംറയുടെ പേര് പറയുന്നത്? കാരണം അദ്ദേഹം ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു, അത് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനായി അദ്ദേഹത്തെ മുന്‍നിരയിലെത്തിച്ചു.

2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. 

എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം എറിഞ്ഞ ചില നിര്‍ണായക ഓവറുകളും അത് പിറവിയെടുത്ത നിമിഷങ്ങളും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. മത്സരം ഇതിലും കടുത്തതാകണമായിരുന്നു,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
.
‘സഞ്ജു സാംസണ്‍ – എന്ത് മികച്ച ടൂര്‍ണമെന്റായിരുന്നു അദ്ദേഹത്തിന്റേത്! അദ്ദേഹം അത് പരമാവധി പ്രയോജനപ്പെടുത്തി. എന്നാല്‍ ജസ്പ്രീത് ബുംറയുടെ കാര്യമെടുക്കുമ്പോള്‍ സെമി ഫൈനലിലും ഫൈനലിലും ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അദ്ദേഹം അവിശ്വസനീയമായ ഓവറുകള്‍ എറിഞ്ഞു. ഇതുപോലൊന്ന് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

അദ്ദേഹത്തിനെതിരെ റണ്‍സ് നേടാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചേക്കാം, പക്ഷേ കാര്യങ്ങള്‍ നിര്‍ണായകമാകുമ്പോള്‍ അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയരുന്നു. അദ്ദേഹം മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളവനെപ്പോലെയാണ്. ഇന്ത്യയിലെ ക്രിക്കറ്റിന് അദ്ദേഹം ഒരു വലിയ മുതല്‍ക്കൂട്ടാണ്’ ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ജസ്പ്രീത് ബുംറ

എട്ട് മത്സരത്തില്‍ നിന്നുമായി 28 ഓവര്‍ പന്തെറിഞ്ഞ് 14 വിക്കറ്റുകള്‍ നേടിയാണ് ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. 12.42 ശരാശരിയിലും 6.21 എക്കോണിയിലും പന്തെറിഞ്ഞ ബുംറ ഓരോ 12 പന്തുകളിലും വിക്കറ്റ് നേടിക്കൊണ്ടിരുന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിന് വേണ്ടി കരുതിവെച്ചാണ് ബുംറ കരുത്ത് കാട്ടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഈ പ്രകടനമാണ് ബുംറയെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിച്ചത്. ഫൈനലിലെ താരവും ബുംറ തന്നെയായിരുന്നു.

കൂടാതെ ലസിത് മലിംഗയെ മറികടന്ന് ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന പേസര്‍ എന്ന റെക്കോര്‍ഡും ബുംറ തന്റെ പേരില്‍ കുറിച്ചു.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍, ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയാണ് സഞ്ജു ലോകകപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുനടത്തിയത്. വിന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും കളിയിലെ താരമായും സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പുമായി സഞ്ജു സാംസണ്‍

ബാറ്റെടുത്ത അഞ്ച് ഇന്നിങ്‌സില്‍ നിന്നും 80.25 ശരാശരിയില്‍ 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 199.37 ആയിരുന്നു താരത്തിന്റെ പ്രഹരശേഷി. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സൂപ്പര്‍ 8ല്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ്. ഇതിനൊപ്പം ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടവും മലയാളി താരം സ്വന്തമാക്കി.

Content Highlight: AB de Villiers believes that star pacer Jasprit Bumrah was more deserving of the Player of the Tournament award in the 2026 T20 World Cup than Sanju Samson.

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more