മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ആശിഷ് നെഹ്‌റയുടെ പേരുകണ്ട് ചിലരെങ്കിലും നെറ്റി ചുളിച്ചു കാണണം. യുവരാജ് സിംഗും സുരേഷ് റെയ്‌നയും അമിത് മിശ്രയുമടക്കമുള്ള താരങ്ങളെ പുറത്തു നിര്‍ത്തിയാണ് നെഹ്‌റ ടീമിലടം നേടിയത്.
ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വന്നതിന് പിന്നാലെ നെഹ്‌റ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ന്യൂസിലന്റിനെതിരായ പരമ്പരയോ അല്ലെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസ് പരമ്പരയോ ആയിരിക്കും താരത്തിന്റെ അവസാന മത്സരത്തിന് വേദിയാവുകയെന്ന് നെഹ്‌റയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോം ഗ്രൗണ്ടായ ദല്‍ഹി ഫിറോസ് ഷാ കോട്ടലയില്‍ അടുത്ത മാസം ഒന്നാം തിയ്യതി ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. അന്ന് നെഹ്‌റയ്ക്ക് യാത്രയയപ്പ് നല്‍കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
താരങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കര്‍ശന നിയമം പാലിക്കുന്നതാണ് 38 കാരനായ നെഹ്‌റയെ കളി മതിയാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസീസിനെതിരായ ഒന്നാം ട്വന്റി-20 യില്‍ നിന്നും താരം സ്വയം പിന്മാറുകയായിരുന്നുവെന്നും പറയുന്നു.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളുടെ വിരമിക്കലിന് നാളുകള്‍ അടുത്തുവെന്ന് ഉറപ്പിക്കാം.