സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് നേരത്തെ ആഗ്രഹമുണ്ടായിരുന്നില്ലെന്നും, അച്ഛന്റെ പ്രൊഡക്ഷൻ രംഗത്ത് പ്രവർത്തിക്കാനായിരുന്നു താത്പര്യമെന്നും നടൻ ആശിഷ് ജോ ആന്റണി. തന്റെ അരങ്ങേറ്റ ചിത്രത്തിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആശിഷ്.
പിതാവിനെ സഹായിച്ച് പ്രൊഡക്ഷൻ രംഗത്ത് മുന്നോട്ടുപോകാനായിരുന്നു ഇതുവരെ ആഗ്രഹിച്ചിരുന്നതെന്ന് നടൻ പറയുന്നു. എന്നാൽ മായ ചേച്ചിക്കൊപ്പം ലഭിച്ച അവസരവും സംവിധായകൻ ജൂഡ് ആന്തണിയുടെ താൽപര്യവും സിനിമയിലേക്ക് എത്താൻ കാരണമായി എന്നും സൈന സൗത് പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ആശിഷ് ജോ ആന്റണി. Photo: Screengrab/ Galatta plus/ Youtube.com
‘എനിക്ക് സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നില്ല. പപ്പയുടെ കൂടെ സഹായിച്ച് പ്രൊഡക്ഷനായി മുന്നോട്ട് പോകാനായിരുന്നു ആഗ്രഹം. പക്ഷേ മായ ചേച്ചിയുടെ കൂടെയുള്ള ഒരു അവസരം വന്നപ്പോൾ അത് ചെയ്യാമെന്ന് കരുതി. പ്രത്യേകിച്ച് നമ്മുടെ ഇൻഡസ്ട്രിയിൽ ഇങ്ങനെയൊരു അവസരം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഞാൻ ശരിക്കും ബ്ലെസ്സ്ഡ് ആണ്,’ആശിഷ് പറഞ്ഞു.
തന്റെ അരങ്ങേറ്റത്തിന് പ്രധാന കാരണമായത് മായ ചേച്ചിയാണെന്നും ആശിഷ് പറഞ്ഞു. ലാലേട്ടനും സുചിത്ര ആന്റിയും അപ്പയും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും സിനിമ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് അഭിനയത്തിലേക്ക് കടന്നതെന്നും താരം വ്യക്തമാക്കി.
അരങ്ങേറ്റ ചിത്രത്തിന്റെ റിഹേഴ്സൽ ഘട്ടം മുതൽ മായയ്ക്കൊപ്പം സിനിമയെക്കുറിച്ച് ചർച്ചകളും റിസർച്ചും നടത്തിയിരുന്നു. ഇരുവരും സിനിമകൾ കണ്ട് കഥാപാത്രങ്ങളെക്കുറിച്ച് പഠിക്കുകയും സെറ്റിൽ പരസ്പരം ഫീഡ്ബാക്കും നിർദേശങ്ങളും നൽകുകയും ചെയ്തിരുന്നു എന്നും ആശിഷ് പറയുന്നു.
‘ഞങ്ങൾ രണ്ടുപേർക്കും ഇത് പുതിയൊരു എക്സ്പീരിയൻസായിരുന്നു. ആദ്യ ആഴ്ച എന്റെ ഷൂട്ട് ആയിരുന്നു. മായ ചേച്ചി എല്ലാ ദിവസവും വരുമായിരുന്നു. അപ്പു എന്നോട് പല കാര്യങ്ങളും പറയുമായിരുന്നു. സെറ്റിൽ ഭയങ്കര ഫണും രസവുമായിരുന്നു. ഞങ്ങൾ രണ്ടുപേരും തമ്മിൽ ഭയങ്കര കംഫർട്ടബിളായിരുന്നു. അതും ഞങ്ങളെ ഒരുപാട് ഹെൽപ്പ് ചെയ്തു,’ നടൻ പറഞ്ഞു.
വിസ്മയ. മോഹൻലാൽ. Photo: Screengrab/ Youtube.com
മായയുമായുള്ള ഈ സൗഹൃദവും പരസ്പര പിന്തുണയും ആദ്യ സിനിമയിലെ അനുഭവം കൂടുതൽ എളുപ്പമാക്കിയെന്നും ആശിഷ് ജോ ആന്റണി കൂട്ടിച്ചേർത്തു.
2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയിൽ മോഹൻലാലും അഥിതി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
Content Highlight: Aashish joe Antony talks about Thudakkam movie