ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് വിസ്മയ മോഹന്‍ലാലിന്റെ തുടക്കം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിക്ക് മുകളില്‍ തുടക്കം നേടിക്കഴിഞ്ഞു.
ചിത്രത്തില്‍ വിസ്മയക്കൊപ്പം എടുത്തുപറയുന്ന പ്രകടനമാണ് ആശിഷ് ജോ ആന്റണിയുടേത്. എമ്പുരാനിലൂടെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ആശിഷ് തനിക്ക് ലഭിച്ച മുഴുനീളവേഷം ഗംഭീരമാക്കി. ഡയലോഗുകളൊന്നുമില്ലാതെ ഗംഭീര വില്ലനിസമാണ് ആശിഷ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആശിഷ്.
റിലീസിന് ശേഷം പുറത്തേക്കൊന്നും ഇറങ്ങേണ്ടെന്ന് മോഹന്‍ലാല്‍ ഉപദേശിച്ചെന്ന് ആശിഷ് പറയുന്നു. വില്ലന്‍ റോളിന് എത്രമാത്രം ഇംപാക്ട് ഉണ്ടാക്കിയെന്ന് അറിയാന്‍ തിയേറ്റര്‍ വിസിറ്റ് നടത്തിയെന്നും അവിടെ വെച്ച് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആശിഷ് ജോ ആന്റണി.
‘എറണാകുളത്ത് കവിതാ തിയേറ്ററില്‍ ഞാനും മായേച്ചിയും പോയിട്ടുണ്ടായിരുന്നു. പടം കഴിഞ്ഞപ്പോള്‍ ചിലര്‍ മായേച്ചിയുടെ കൂടെ ഫോട്ടോയൊക്കെ എടുക്കാന്‍ വന്നു. ഞാനും കൂടെയുണ്ടായിരുന്നു. അവര്‍ക്ക് ആദ്യം എന്നെ കണ്ടിട്ട് മനസിലായില്ല. അടുത്തേക്ക് വന്നപ്പോഴാണ് എന്നെ മനസിലായത്. അവരുടെ മുഖത്ത് ആദ്യം ചെറുതായി പേടിവന്നു. പിന്നീട് അവര്‍ ഓക്കെയായി.
ആ കഥാപാത്രം എല്ലാവരുടെയും ഉള്ളില്‍ എത്രത്തോളം ഇംപാക്ടുണ്ടാക്കിയെന്ന് മനസിലായി. ആ ക്യാരക്ടര്‍ ആളുകളില്‍ കറക്ടായിട്ട് രജിസ്റ്ററായിട്ടുണ്ട്. ആദ്യത്തെ സിനിമയില്‍ തന്നെ ഇങ്ങനെയൊരു കഥാപാത്രം കിട്ടിയത് നല്ലൊരു കാര്യമാണ്. ഒരുപാട് പേര്‍ എന്റെ പെര്‍ഫോമന്‍സ് നല്ലതാണെന്ന് ഓണ്‍ലൈനായും അല്ലാതെയും പറഞ്ഞിട്ടുണ്ട്,’ ആശിഷ് ജോ പറയുന്നു.
2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മീനു എന്ന പെണ്‍കുട്ടിയായിട്ടാണ് വിസ്മയ വേഷമിടുന്നത്. ആക്ഷന് പ്രാധാന്യമുള്ള വേഷം വിസ്മയ ഗംഭീരമാക്കി. 10 മിനിറ്റോളം വരുന്ന അതിഥിവേഷത്തില്‍ മോഹന്‍ലാലും തുടക്കത്തില്‍ വേഷമിടുന്നുണ്ട്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Aashish Joe Antony shares the audience response during Thudakkam theatre visit