| Friday, 7th August 2026, 8:33 pm

എമ്പുരാനില്‍ വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്നത് ചില്ലറക്കാരനെയല്ല, വിസ്മയയെക്കാള്‍ ചര്‍ച്ചയായി 'തുടക്ക'ക്കാരന്‍ ആശിഷ് ജോ ആന്റണി

അമര്‍നാഥ് എം.

മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ മോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രം റിലീസിന് മുമ്പ് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില് പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച സര്‍പ്രൈസുകള്‍ എന്തെല്ലാമാണെന്ന ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഒരു ഷോട്ട് മാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

മുഖം മറച്ച ഒരാള്‍ സ്ലോ മോഷനില്‍ പോകുന്നത് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ആരാണ് ആ നടനെന്ന തരത്തില്‍ പല ചര്‍ച്ചകളും നടന്നു. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയാണ് ഈ വേഷം ചെയ്തത്. വലിയ ബില്‍ഡപ്പ് കൊടുത്ത് എന്തിനാണ് ഇതുപോലൊരു പുതുമുഖത്തെ അവതരിപ്പിച്ചതെന്ന് പലരും അന്ന് ചോദിച്ചിരുന്നു. അതിനുള്ള മറുപടി ആശിഷ് നല്‍കിയത് തുടക്കത്തിലൂടെയാണ്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്നാണ് തുടക്കത്തിന് റിലീസിന്റെ മുമ്പുള്ള ഹൈപ്പ് ഫാക്ടര്‍. എല്ലാ പോസ്റ്ററിലും വിസ്മയക്കൊപ്പം നിറഞ്ഞുനിന്നെങ്കിലും ആരും ആശിഷിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. എന്നാല്‍ റിലീസിന് ശേഷം പലരുടെയും സംസാരം ആശിഷിനെക്കുറിച്ചാണ്.

ആദ്യസീനില്‍ തന്നെ ഈ കഥാപാത്രം എത്രമാത്രം ക്രൂരനാണെന്ന് സംവിധായകന്‍ വരച്ചിടുന്നുണ്ട്. അധികം സംസാരിക്കാതെ, കണ്ണിലൂടെ ക്രൂരത വെളിവാക്കുന്ന ജിത്തു എന്ന കഥാപാത്രം ആശിഷ് ഗംഭീരമായി പകര്‍ന്നാടിയെന്ന് പറയാം. ഒന്ന് പാളിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലാകേണ്ട കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ആശിഷ് തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആദ്യാവസാനം നിറഞ്ഞുനിന്നു.

പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത, സ്ത്രീകളോടും ലഹരിയോടും ആസക്തിയുള്ള പക്കാ സൈക്കോപാത്താണ് ആശിഷിന്റെ കഥാപാത്രം. ഇത്തരം കഥകളില്‍ സ്ഥിരമായി കണ്ടുവരുന്ന വില്ലന്റെ കദനകഥ തുടക്കത്തില്‍ കാണിക്കാത്തത് അണിയറപ്രവര്‍ത്തകര്‍ എടുത്ത മികച്ച തീരുമാനമാണ്. ചില സീനുകളില്‍ പ്രേക്ഷകര്‍ക്ക് പോലും ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന തരത്തില്‍ ആശിഷ് ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.

ആശീര്‍വാദ് സിനിമാസ് എന്ന വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയായ ആന്റണി പെരുമ്പാവൂരിന് തന്റെ മകനെ നായകനാക്കി ലോഞ്ച് ചെയ്യാമായിരുന്നു. എന്നാല്‍ അതിന് മുതിരാതെ പ്രേക്ഷകരില്‍ ആദ്യം അയാളുടെ മുഖം രജിസ്റ്റര്‍ ചെയ്യിച്ച്, പിന്നീട് നല്ലൊരു പെര്‍ഫോമറാണെന്ന് പറയിപ്പിച്ചത് നല്ലൊരു നീക്കമായി കണക്കാക്കാം. ഇനിയും മലയാളസിനിമയില്‍ ആശിഷിനെത്തേടി മികച്ച സിനിമകള്‍ വരട്ടെ, വില്ലന്‍ റോളില്‍ മാത്രം തളച്ചിടപ്പെടാതെ ക്യാരക്ടര്‍ റോളുകളും ആശിഷിന് ലഭിക്കണമെന്നാണ് സിനിമാപ്രേമികളുടെ ആഗ്രഹം.

Content Highlight: Aashish Joe Antony’s performance in Thudakkam movie getting appreciations

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more