വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന തുടക്കം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ തന്റെ ആദ്യ സിനിമയായ ‘തുടക്കം’ തന്നെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രതെ അവതരിപ്പിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് തുറന്നുപറയുകയാണ് ആശിഷ് ജോ ആന്റണി. കഥാപാത്രത്തിന്റെ വ്യത്യസ്തതയും വെല്ലുവിളിയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് താരം പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആശിഷ് ജോ ആന്റണി.Photo. Screengrab/ Youtube.com
‘ആദ്യമായി കഥ കേട്ടപ്പോൾ തന്നെ എനിക്ക് വളരെ ഇഷ്ടമായി. കഥാപാത്രത്തിനും ഒരുപാട് ഷേഡുകളുണ്ടായിരുന്നു. അത് അവതരിപ്പിക്കുക എന്നത് വലിയൊരു ചലഞ്ചായി തോന്നി. അച്ഛനും ലാൽ സാറും സുചി ആന്റിയും സംവിധായകനുമെല്ലാം എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചത് എനിക്ക് വലിയൊരു കോൺഫിഡൻസ് നൽകി. അതേസമയം ആ വിശ്വാസം എന്നെ കൂടുതൽ കഥാപാത്രമാക്കി മാറ്റുകയും ഏറ്റവും നന്നായി അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു,’ആശിഷ് പറഞ്ഞു.
കഥാപാത്രത്തിന്റെ ഏറ്റവും ആകർഷകമായ പ്രത്യേകത അത് അധികം സംസാരിക്കാത്തതായിരുന്നുവെന്നും ആശിഷ് വ്യക്തമാക്കി. ‘ആദ്യമായി കഥ കേട്ടപ്പോൾ തന്നെ എന്നെ ആകർഷിച്ച കാര്യം ആ കഥാപാത്രത്തിന് അധികം ഡയലോഗുകളില്ല എന്നതാണ്. കഥാപാത്രം ശരിക്കും സംസാരിക്കുന്ന ഒരാളല്ല. അത് എനിക്ക് വ്യത്യസ്തമായി തോന്നി. അതുകൊണ്ടുതന്നെ ഈ കഥാപാത്രം ചെയ്യാൻ ശ്രമിക്കണം, എന്റെ കഴിവിന്റെ പരമാവധി നൽകണം എന്ന് തീരുമാനിച്ചത്,’ താരം പറഞ്ഞു.
പലരും സിനിമയിലേക്ക് എത്തുമ്പോൾ നായക കഥാപാത്രങ്ങളിലൂടെ തുടങ്ങാൻ ആഗ്രഹിക്കാറുണ്ടെങ്കിലും, താൻ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാനാണ് ആഗ്രഹിച്ചതെന്നും ആശിഷ് കൂട്ടിച്ചേർത്തു. ‘പലരും നായകനായിട്ടാണ് സിനിമയിൽ തുടങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ ഞാൻ കുറച്ചുകൂടി വ്യത്യസ്തമായി തുടങ്ങാമെന്ന് കരുതി. അങ്ങനെയാണ് ഈ കഥാപാത്രം ഏറ്റെടുത്തത്,’ ആശിഷ് പറഞ്ഞു.
തുടക്കം.ആശിഷ് ജോ ആന്റണി.Photo. Screengrab/ ND tv/ Youtube.com
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.
Content Highlight: Aashish Jo Antony talks about the significance of his character in the film Thudakkam