| Monday, 2nd February 2026, 10:36 am

പുതുമുഖങ്ങളെ പ്രസന്റ് ചെയ്യാന്‍ ഒരാള്‍ വേണം, 'ഞാന്‍ നോക്കിക്കൊള്ളാ'മെന്ന് ദുല്‍ഖര്‍; ആ ഉറപ്പാണ് ഞങ്ങളുടെ ഈ സിനിമ: ജോണ്‍പോള്‍ ജോര്‍ജ്

അശ്വിന്‍ രാജേന്ദ്രന്‍

ഗപ്പി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. പിന്നീട് സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കിയ അമ്പിളിയിലൂടെ മലയാള സിനിമയില്‍ തന്റെ പേരിന് അടിവരയിടാനും ജോണിന് സാധിച്ചു. ഇപ്പോഴിതാ മലയാളത്തിലെ സീനിയര്‍ താരം ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ആശാന്‍ എന്ന പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍ പോള്‍ ജോര്‍ജ്.

ഗപ്പി സിനിമാസ് ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയത് സൂപ്പര്‍താരം മമ്മൂട്ടിയായിരുന്നു. ഇതിന് പിന്നാലെ ചടങ്ങിലെ വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിനെക്കുറിച്ച് സംവിധായകന്‍ ജോണ്‍പോള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍. Photo: Jiohotstar

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമ ചെയ്യുമ്പോള്‍ ഒന്നരവര്‍ഷത്തോളം ദുല്‍ഖറുമായി ഒന്നിച്ചുണ്ടായിരുന്നു. ഞാന്‍ അദ്ദേഹവുമായി വളരെ ക്ലോസായിരുന്നു ആ സമയങ്ങളില്‍. ആശാന്‍ സിനിമയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്റെ സിനിമക്ക് ഒരാള്‍ വേണം, ഭൂരിഭാഗം അഭിനേതാക്കളും പുതിയ ആളുകളാണ് അത് പ്രെസന്റ് ചെയ്യാന്‍ വേണ്ടി വരണം എന്ന് പറഞ്ഞപ്പോള്‍ അത് ഞാന്‍ നോക്കികൊള്ളാമെടാ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അതിന് ശേഷം അദ്ദേഹത്തിന്റെ മുഴുവന്‍ ടീമും സിനിമ ഏറ്റെടുക്കുകയും കേരളം മുഴുവന്‍ സിനിമ എത്തിക്കുകയും ചെയ്തു. അവര്‍ക്ക് ഒരു വലിയ കൈയടിയും നന്ദിയും നമ്മുടെ സൈഡില്‍ നിന്നും കൊടുക്കേണ്ടതുണ്ട്, ‘ ജോണ്‍ പോള്‍ പറയുന്നു.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിനൊപ്പം പത്ത് പതിനഞ്ചോളം ചിത്രങ്ങള്‍ താന്‍ ചെയ്തുവെന്നും അതിന് ശേഷമാണ് 2016 ല്‍ ആദ്യമായി ഗപ്പി സംവിധാനം ചെയ്യുന്നതെന്നും പിന്നീട് 2019 ല്‍ അമ്പിളിയും സംവിധാനം ചെയ്തുവെന്ന് ചടങ്ങില്‍ സംസാരിക്കവെ ജോണ്‍പോള്‍ പറഞ്ഞു. അമ്പിളിക്ക് ശേഷം തന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ജീത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം നിര്‍മിച്ചുവെന്നും ഇപ്പോള്‍ ആശാനിലെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാന്‍. Photo: IMDB

നൂറിലധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

Content Highlight: Aashan movie director john Paul George talks about Dulquar salman’s entry as distributor to his film

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more