| Friday, 6th February 2026, 9:00 pm

ദൃശ്യം കണ്ട ഒരു സംവിധായകനും സുമയെ എനിക്ക് തരില്ല; കഥ പറഞ്ഞപ്പോള്‍ ഖാലിദ് ഒറ്റ കാര്യമാണ് പറഞ്ഞത്: ആശ ശരത്ത്

ഐറിന്‍ മരിയ ആന്റണി

സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ആശ ശരത്ത്. സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ദൃശ്യത്തിലെ ഐ.ജി. ഗീത പ്രഭാകര്‍.

എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന അധികം ആരും ചര്‍ച്ച ചെയ്യാത പോയൊരു കഥാപാത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ സുമ. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായ അഭിമുഖത്തില്‍ അനുരാഗ കരിക്കിന്‍ വെള്ളം സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആശ ശരത്ത്.

‘റഹ്‌മാന്‍ ഒരു രാവിലെയാണ് എന്നോട് അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ കഥ പറയാന്‍ വരുന്നത്. അന്ന് എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് റഹ്‌മാന്‍ ഒരു തിരക്കഥയായിട്ടൊക്കെ വരുമെന്നാണ്. പക്ഷേ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. കഥയിങ്ങനെ നരേറ്റ് ചെയ്ത് വന്നപ്പോള്‍ എനിക്ക് വളരെ ഇന്‍ഡ്രസ്റ്റിങ്ങായി തോന്നി. ഞാന്‍ ചെയ്യാമെന്നേറ്റു. വളരെ പെട്ടന്ന് ഞാന്‍ യെസ് പറഞ്ഞ സിനിമ കൂടിയാണ് അനുരാഗ കരിക്കിന്‍ വെള്ളം.

പിന്നെ ഞാന്‍ റഹ്‌മാന്റെയടുത്ത് ചോദിച്ച കാര്യം എങ്ങനെയാണ് എന്നിലേക്ക് എത്തിയത് എന്നാണ്. കാരണം ദൃശ്യം കണ്ടിട്ടുള്ള ഒരു സംവിധായകനും ചിലപ്പോള്‍ സുമയെ എനിക്ക് തരില്ല. സുമയെ തരാന്‍ വളരെ ബുദ്ധിമുട്ടാണ്.

എങ്ങനെയാണ് എന്നിലേക്ക് എത്തിപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍ റഹ്‌മാന്‍ പറഞ്ഞത് ‘ ഞാന്‍ രാത്രി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും എന്റെ ഉമ്മ ടി.വിയില്‍ കുങ്കുമപൂവ് സീരിയല്‍ നോക്കി ഇരുന്ന് കരയുന്നുണ്ടാകും ചിരിക്കുന്നുണ്ടാകും. അങ്ങനെ ടി.വിയില്‍ നിങ്ങളെ കണ്ട് കണ്ട് ഇതാണ് എന്റെ സുമ എന്ന് മനസില്‍ തോന്നിയാണ് ഞാന്‍ വിളിച്ചത്’ എന്നാണ്,’ ആശ ശരത്ത് പറയുന്നു.

അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ സെറ്റ് മുഴുവന്‍ ചെറുപ്പക്കാരായിരുന്നുവെന്നും താനും ബിജുവും മാത്രമായിരുന്നു അവിടെയുണ്ടായിരുന്ന കുറച്ച് മുതിര്‍ന്നയാളുകളെന്നും നടി പറയുന്നു. വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് അനുരാഗ കരിക്കിന്‍ വെള്ളമെന്നും സുമയെന്ന കഥാപാത്രം വളരെ പാവമാണെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ 2016ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ആസിഫ് അലി, ബിജു മേനോന്‍, രജിഷ വിജയന്‍, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഖാലിദ് റഹ്‌മാന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു.

Content Highlight: Aasha Sarath talks about the movie Anuraga Karikkin Vellam

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more