| Wednesday, 8th October 2025, 8:17 pm

ഇസ്രഈലികൾ തെരഞ്ഞെടുക്കപ്പെട്ടവരല്ല, ദൈവത്തിന്റെ ശത്രുക്കൾ; ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ബ്രിട്ടീഷ് ആക്ടിവിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുൾ: ജീവൻ പണയം വെച്ചാണ് തങ്ങൾ ഗസയിലേക്ക് പുറപ്പെട്ടതെന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ബ്രിട്ടീഷ് ആക്ടിവിസ്റ്റ് ആരോൺ വൈറ്റ്. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ വെറും ഒരു പ്രതീകാത്മകമായ പ്രവർത്തിയായാണ് പലരും കാണുന്നതെന്നും എന്നാൽ തങ്ങൾ ശരിക്കും ഗസയിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രഈലിന് തങ്ങളെ തടയാൻ ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ശേഷം ഇസ്താംബുൾ വിമാനത്താവളത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു ആരോൺ വൈറ്റ്.

‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഒരു പ്രതീകാത്മയായ കാര്യമായാണ് ആളുകൾ കരുതുന്നത്. എന്നാൽ, ഞങ്ങൾ ശരിക്കും ഗസയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. ഞങ്ങൾ ജീവൻ പണയം വെച്ചാണ് ഗസയിലേക്ക് യാത്ര തിരിച്ചത്. അന്താരാഷ്ട്ര ജലപാതയിൽ വെച്ച് ഞങ്ങളെ തടയാനും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനും നീക്കം ചെയ്യാനും ഇസ്രഈലിന് അവകാശമില്ല.

ലോകത്തിലെ എല്ലാം തങ്ങളുടേതാണെന്നാണ് ഇസ്രഈൽ കരുതുന്നത്. ദൈവം തെരഞ്ഞെടുത്തവരാണ് അവരെന്നാണ് ഇസ്രഈലികൾ സ്വയം വിശ്വസിക്കുന്നത്. എന്നാൽ, അവർ ദൈവത്തിന്റെ ശത്രുക്കളാണ് എന്നാണ് ഞാൻ കരുതുന്നത്,’ ആരോൺ വൈറ്റ് പറഞ്ഞു.

ഫലസ്തീനിലെ സയണിസ്റ്റ് യന്ത്രങ്ങളെ തടയാൻ നമുക്ക് കഴിയില്ലെങ്കിൽ ലോകത്താകമാനമുള്ള അടിച്ചമർത്തപ്പെടുന്ന ജനങ്ങളെ മോചിപ്പിക്കാൻ സാധിക്കില്ലെന്നാണ് അർത്ഥമാക്കുന്നതെന്നും ആരോൺ വൈറ്റ് പറഞ്ഞു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് ഗസയിൽ കാത്തിരിക്കുന്നത്. അവിടത്തെ മൃഗങ്ങൾ പോലും പട്ടിണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം ഇസ്രഈല്‍ ഇന്ന് പുലർച്ചെ തടഞ്ഞിരുന്നു. സണ്‍ബേര്‍ഡ്‌സ്, അല അല്‍-നജാജര്‍, അനസ് അല്‍-ഷെരീഫ് എന്നീ കപ്പലുകളെ ഗസയില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ (220 കി.മീ) അകലെ വെച്ചാണ് തടഞ്ഞത്.

നേരത്തെ സ്പെയ്ന്‍ നഗരമായ ബാഴ്‌സലോണയില്‍ നിന്ന് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ 44 കപ്പലുകളും 470ലധികം ആക്ടിവിസ്റ്റുകളെയും ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഗ്രെറ്റ തെന്‍ബെര്‍ഗം അടക്കം 341 ഫ്ലോട്ടില്ല ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ നാടുകടത്തുകയും ചെയ്തു.

Content Highlight: Aaron White a British activist in Global Sumud Flotilla activist says Israel is not God’s chosen people but they are the enemies of God

We use cookies to give you the best possible experience. Learn more