| Thursday, 16th April 2026, 12:35 pm

വൈഭവിനെ ടീമിലെടുത്താലും മറ്റുള്ളവരെ ബഹുമാനിക്കണം; നിര്‍ദേശവുമായി ആരോണ്‍ ഫിഞ്ച്

ശ്രീരാഗ് പാറക്കല്‍

യുവ താരം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമില്‍ കൊണ്ടുവരാന്‍ പറ്റിയ സമയമാണെന്നും എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെ ബഹുമാനിക്കണമെന്ന് മുന്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ച് പറഞ്ഞു. ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സമ്മര്‍ദമുള്ള കാര്യമാണെന്നും, അതുകൊണ്ടുതന്നെ ലോകകപ്പ് നേടിയ താരങ്ങള്‍ സ്വന്തം തെളിയിച്ചവരാണെന്നും അവര്‍ക്ക് അര്‍ഹതപ്പെടുന്ന ബഹുമാനം നല്‍കണമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

‘അവനെ (വൈഭവ് സൂര്യവംശി) ടീമിലേക്ക് കൊണ്ടുവരാനും കുറച്ച് പരിചയം ലഭിക്കാനും ഇപ്പോള്‍ ഒരു നല്ല അവസരമായിരിക്കാം, എന്നാല്‍ ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെ ആദരിക്കേണ്ടതും അതുപോലെ തന്നെ നിര്‍ണായകമാണ്.

ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സമ്മര്‍ദമുള്ള കാര്യമാണ്. ഈ കളിക്കാര്‍ ഒരു ലോകകപ്പ് വിജയത്തിന് ശേഷമാണ് വരുന്നത്, ഏറ്റവും വലിയ വേദിയില്‍ തങ്ങളെത്തന്നെ തെളിയിച്ചിട്ടുണ്ട്.

അവരെ നിങ്ങള്‍ എപ്പോഴും ബഹുമാനിക്കണമെന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും ഒരു ശ്രമം നടത്തുക. കുട്ടിയെ കളിക്കാന്‍ അനുവദിക്കുക, അവന്‍ കളി പഠിക്കുന്നത് തുടരട്ടെ,’ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുമായുള്ള ചര്‍ച്ചക്കിടയില്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു.വൈഭവ് സൂര്യവംശി

അതേസമയം 2026ലെ ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന ജൂണില്‍ അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി യുവ താരം വൈഭവ് സൂര്യവംശി അരങ്ങേറ്റം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ഐ.പി.എല്ലിന് ശേഷം പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കി സെലക്ടര്‍മാര്‍ ഒരു യുവ ടീമിനെ പരമ്പരയ്ക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നത്.

നിലവില്‍ വൈഭവ് രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് ഐ.പി.എല്ലില്‍ കാഴ്ചവെക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും നേടി. മുംബൈ ഇന്ത്യന്‍സിനെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം പൂജ്യം റണ്‍സിന് പുറത്തായെങ്കിലും 15കാരന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സ് നേടി. വൈകാതെ താരം ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Aaron Finch Talking About Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more