| Saturday, 23rd May 2026, 2:32 pm

അവന്‍ ബഹുമുഖ പ്രതിഭയുള്ള ബൗളര്‍, ബാറ്റിങ്ങിലും മുതല്‍ക്കൂട്ട്; പഞ്ചാബ് താരത്തെ കുറിച്ച് ഫിഞ്ച്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ 68ാം മത്സരത്തില്‍ പഞ്ചാബ് കിങ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ലഖ്നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ലഖ്നൗ വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ് ഇറങ്ങുക.

മറുവശത്ത് പഞ്ചാബിന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ശ്രേയസിനും സംഘത്തിനും വിജയിച്ച മതിയാകൂ. ഇപ്പോള്‍ പഞ്ചാബിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.

ആരോൺ ഫിഞ്ച്. Photo: Himanshu Pareek/x.com

തുടക്കത്തിലെ പ്ലാനിങ്ങിലേക്ക് തന്നെ പഞ്ചാബ് തിരിച്ചുപോകണമെന്നും മാര്‍ക്കോ യാന്‍സനെ ടീമില്‍ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. യാന്‍സന്‍ ഒരു ബഹുമുഖ പ്രതിഭയുള്ള താരമാണെന്നും ബൗളിങ്ങില്‍ വൈവിധ്യം നല്‍കുന്നതിനൊപ്പം ബാറ്റിങ്ങിലും ഒരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ഫിഞ്ച്.

‘സീസണിന്റെ തുടക്കത്തില്‍ എടുത്ത മികച്ച പ്ലാനിങ്ങിലേക്ക് തന്നെ പഞ്ചാബ് തിരിച്ചു പോകണം. എനിക്കത് മാര്‍ക്കോ യാന്‍സനാണ്. പ്രത്യേകിച്ച് എകാന സ്റ്റേഡിയം പോലുള്ള വേദികളില്‍ കളിക്കുമ്പോള്‍ അവന്റെ സാന്നിധ്യം അനിവാര്യമാണ്. അവന്‍ ബൗളിങ്ങില്‍ കൂടുതല്‍ വൈവിധ്യം നല്‍കും.

യാന്‍സന്റെ ഇടം കൈയ്യന്‍ സീം ബൗളിങ് വളരെ ഫലപ്രദമാണ്. ലഖ്നൗവിന്റെ ടോപ് ഓര്‍ഡറില്‍ കുറച്ച് വലം കൈയ്യന്‍ ബാറ്റര്‍മാരുണ്ട്. ഇംഗ്ലിസ് (ജോഷ്), മാര്‍ഷ് (മിച്ചല്‍), മാര്‍ക്രം (എയ്ഡന്‍) എന്നിവര്‍ വലം കൈയ്യന്മാരാണ്. അവര്‍ക്കെതിരെ പന്തിനെ സ്വിങ് ചെയ്യിക്കാനും പിച്ചില്‍ കട്ടറുകള്‍ പരീക്ഷിക്കാനും അവന് സാധിക്കും. അവനൊരു ബഹുമുഖപ്രതിഭയുള്ള ബൗളറാണ്. ഒപ്പം ബാറ്റിങ്ങിലും അവന് ഒരു മുതല്‍കൂട്ടാവാന്‍ സാധിക്കും,’ ഫിഞ്ച് പറഞ്ഞു.

മാർക്കോ യാൻസൻ. Photo: Aditya Saundarya/x.com

ഈ ഐ.പി.എല്ലില്‍ 12 മത്സരങ്ങളില്‍ കളിച്ച യാന്‍സന്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ താരത്തിന്റെ മികച്ച പ്രകടനം. 10.38 ആണ് പ്രോട്ടിയാസ് ഫാസ്റ്റ് ബൗളറുടെ എക്കോണമി.

Content Highlight: Aaron Finch says that Marco Jansen is versatile bowler and adds a little bit of batting as well

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more