| Wednesday, 17th September 2025, 11:26 am

ആരാദ്യം പറയും? വിളക്കും ഈയാം പാറ്റയും തമ്മിലുള്ള ബന്ധത്തെ വര്‍ണിച്ചെഴുതിയ പ്രണയത്തിന്റെ പാട്ട്...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലം മുതലേ ചലച്ചിത്ര ഗാനരചയിതാവാകണം എന്നായിരുന്നു ഒ.വി വിജയന്റെ അനിയത്തി ഒ.വി ഉഷയുടെ ആഗ്രഹം. അന്നുമുതലേ കവിതകള്‍ എഴുതുമായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഉഷയുടെ കവിത ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നത്.

എം. എ പഠിക്കുന്ന കാലത്താണ് ഉഷ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയത്. ‘ആരുടെ മനസിലെ ഗാനമായി, ഞാന്‍ ആരുടെ ഹൃദയത്തിന്‍ ധ്യാനമായി’ എന്നായിരുന്നു ആ പാട്ട്.

ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ ആ പാട്ട് പാടിയത് പി.ലീലയാണ്. 250 രൂപയാണ് പാട്ടിന് വേണ്ടി ഒ.വി ഉഷയ്ക്ക് കിട്ടിയ പ്രതിഫലം. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം ആരും ഉഷയെ പാട്ടെഴുതുന്നതിന് വേണ്ടി വിളിച്ചിട്ടില്ല.

‘എന്റെ ഏട്ടന്‍ ഒ.വി.വിജയന്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്തിരുന്നെങ്കില്‍ അവസരം കിട്ടിയേനെ. പക്ഷേ, ഏട്ടന്‍ ആരോടും പറഞ്ഞതുമില്ല. ആദ്യത്തെ പാട്ടിനുശേഷം ഞാന്‍ ഗാനരചന എന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചു. കാരണം ഞാനന്ന് ഡല്‍ഹിയിലായിരുന്നു. മാത്രമല്ല, സിനിമാരംഗത്ത് പാട്ടെഴുതാന്‍ ഒരു പെണ്‍കുട്ടിക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടില്ല’ ഉഷ പറയുന്നു.

വളരെ വര്‍ഷങ്ങള്‍ക്കുശേഷം, 1999ല്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉഷയെ ഫോണില്‍ വിളിച്ചു. ലെനിനെ ഉഷക്ക് പരിചയമില്ല. ‘സ്‌നേഹഗീതങ്ങള്‍’ എന്ന തന്റെ കവിതാസമാഹാരത്തില്‍ നിന്നും ഈയാംപാറ്റ എന്ന കവിത ഉപയോഗിച്ചോട്ടെ എന്ന് ചോദിക്കാന്‍ വേണ്ടിയിട്ടാണ് വിളിച്ചത്. ഉഷയതിന് മറുപടിയും നല്‍കി. പിന്നെ അതിനെക്കുറിച്ച് അറിയാനോ അന്വേഷിക്കാനോ ഉഷ നിന്നിട്ടില്ല.

കുറെ നാളുകള്‍ക്കുശേഷമാണ് ‘മഴ’ എന്ന സിനിമയുടെ പാട്ടുകളുടെ കസെറ്റിന്റെ പരസ്യം ഉഷ കാണുന്നത്. അതില്‍ തന്റെ പേരുമുണ്ടായിരുന്നു.

‘ആരാദ്യം പറയും’ എന്ന പാട്ടിന് രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കി ആശ ജി.മേനോന്‍ പാടിയ പാട്ട്. ധാരാളം സിനിമാപാട്ടുകള്‍ കേള്‍ക്കുന്ന ഉഷ വിളക്കും ഈയാം പാറ്റയും തമ്മിലുള്ള ബന്ധത്തെ വര്‍ണിച്ചെഴുതിയ പാട്ടാണ് ആരാദ്യം പറയും.

ഒരു മഴക്കാലത്ത് ധാരാളം ഈയാം പാറ്റകള്‍ വന്ന് വീഴുന്നത് കണ്ടപ്പോള്‍ തോന്നിയ കവിത… ഇന്ന് എല്ലാവരുടെയും പ്ലേ ലിസ്റ്റില്‍ ഇടം പിടിച്ച പ്രണയത്തിന്റെ പാട്ട്.

Content Highlight: Aaradhyam Parayum song has Story; song written by O.V. Usha

We use cookies to give you the best possible experience. Learn more