| Friday, 24th April 2026, 5:30 pm

ഹാഷിറും അലനും നന്നായി പെര്‍ഫോം ചെയ്യുമെന്ന് അറിയമായിരുന്നു, പക്ഷേ വാഴ 2ല്‍ എന്നെ ഞെട്ടിച്ചത് ആ കഥാപാത്രം: ആരാധ്യ സായ്

അമര്‍നാഥ് എം.

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് നടന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ബോക്‌സ് ഓഫീസിന് റീത്ത് വെക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളെ ജനസാഗരമാക്കിക്കൊണ്ടാണ് വാഴ 2 കുതിക്കുന്നത്. അധികം വൈകാതെ ചിത്രം മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടവര്‍ക്ക് പോലും മികച്ച സ്‌ക്രീന്‍ സ്‌പെയ്‌സ് നല്‍കുന്നു എന്നതാണ് വാഴ 2ന്റെ ഏറ്റവും വലിയ പ്രത്യേകത. അത്തരത്തിലൊരു കഥാപാത്രമാണ് ആരാധ്യ അവതരിപ്പിച്ച കഥാപാത്രം. അലന്റെ കാമുകിയായാണ് ആരാധ്യ വേഷമിട്ടത്. കുറച്ച് സീനുകള്‍ മാത്രമേ ഉള്ളുവെങ്കിലും തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാന്‍ ആരാധ്യക്ക് സാധിച്ചു.

ആരാധ്യ സായ് Photo: Screen grab/ Club FM

ഇപ്പോഴിതാ ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് ആരാധ്യ. ആദ്യ സിനിമയായതിനാല്‍ തന്റെ പ്രകടനം തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആരാധ്യ പറഞ്ഞു. ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും റീലുകള്‍ കാണാറുണ്ടെന്നും അവരുമായി വളരെ വേഗം കമ്പനിയായെന്നും ആരാധ്യ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആരാധ്യ.

‘അവരുടെ റീലുകളെല്ലാം എനിക്ക് ഇഷ്ടമാണ്. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ ‘ഇപ്പോ കേരളത്തില്‍ ഏറ്റവും നല്ല ആളുകളായി രണ്ട് പേരേയുള്ളൂ’ എന്ന് പറയുന്ന റീല്‍ ഭയങ്കര ഇഷ്ടമാണ്. അലനും ഹാഷിറുമൊക്ക കിടിലനായി പെര്‍ഫോം ചെയ്യുമെന്ന് ഉറപ്പായിരുന്നു. കാരണം, എനിക്ക് അവരുമായിട്ടാണ് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്.

കഥയിലെ ബാക്കി കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് സെക്കന്‍ഡ് ഹാഫിലെ സീനുകള്‍ കണ്ട് കരഞ്ഞു. ഹാഷിറിന്റെ ടീമില്‍ ഏറ്റവും ഞെട്ടിച്ചത് വിനായകായിരുന്നു. പുള്ളിയുടെ അടുത്ത് നിന്ന് അങ്ങനെയൊരു പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചില്ലായിരുന്നു. അച്ഛനെ ഓര്‍ത്ത് കരയുന്ന സീനൊക്കെ ശരിക്കും ടച്ച് ചെയ്തു,’ ആരാധ്യ പറയുന്നു.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ആരാധ്യ സായ്. കടുവ, പദ്മിനി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ ആരാധ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരിയറിലെ ആദ്യ വലിയ വേഷം തന്നെ ഗംഭീര വിജയമായിരിക്കുകയാണ്. ചിത്രം ഹിറ്റാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര കളക്ഷന്‍ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നും ആരാധ്യ പറയുന്നു.

Content Highlight: Aaradhya Sai praises Vinayak’s performance in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more