| Monday, 20th July 2026, 7:15 pm

കേന്ദ്രം വിദ്യാര്‍ത്ഥികളെ നേരിട്ടത് ശത്രുവിനെ പോലെ; രാജ്യത്തെ യുവത്വം മോദിക്ക് മാപ്പ് നല്‍കില്ല: എ.എ.പി

റെന്വര്‍ പി

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് നേരെ ദല്‍ഹി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍.

ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

‘ഇത് തെറ്റാണ്, ലാത്തിചാര്‍ജിന് ഉത്തരവിടുന്നതിന് പകരം യുവാക്കളെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാവണം,’ എന്ന് എക്‌സില്‍ പുങ്കുവെച്ച ഒരു വീഡിയോയില്‍ കെജ്‌രിവാള്‍ പറഞ്ഞു.

‘രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളാണ് ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നിട്ടുള്ളത്. അവരെ കേള്‍ക്കുന്നതിന് പകരം ലാത്തിച്ചാര്‍ജിന് ഉത്തരവിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ശരിയല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് നമ്മുടെ സ്വന്തം രാജ്യത്തിന്റെ കുട്ടികളാണെന്നും അവര്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. അവര്‍ക്കെതിരായ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് അവരെ കേള്‍ക്കാന്‍ തയ്യറാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എ.എ.പി നേതാക്കളായ അതിഷി, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ് എന്നിവരും പൊലീസ് അതിക്രമത്തെ അപലപിച്ചു. നേരത്തെ സി.ജെ.പിയുടെ പ്രതിഷേധത്തിലും അതിഷിയും സിസോദിയയും പങ്കെടുത്തിരുന്നു.

ഈ മനുഷ്യത്വ രഹിതമായ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും അപലപനീയമാണെന്ന് അതിഷി അഭിപ്രായപ്പെട്ടു.

‘രാജ്യത്തെ യുവാക്കള്‍ തെരുലിലാണ്. സമാധാനപരമായി പ്രതിഷേധിക്കാര്‍ക്ക് നേരെ നടത്തിയ ഈ മനുഷ്യത്വ രഹിതമായ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും അപലപനീയമാണ്. നാണം കെട്ട നടപടിയാണത്. ഞാന്‍ ഈ വിദ്യോര്‍ത്ഥികള്‍ക്കൊപ്പം,’ അതിഷി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘മോദി ജീ ഈ രാജ്യത്തെ യുവത്വം നിങ്ങള്‍ക്ക് മാപ്പ് തരില്ല’ എന്ന് മനീഷ് സിസോദിയ എക്‌സ് പോസ്റ്റില്‍ കുറിച്ചു. സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ മര്‍ദനമേറ്റ് കരയുന്ന ഒരു പെണ്‍കുട്ടിയുടെ വീഡീയോ പങ്കുവച്ചുകൊണ്ടാണ് എ.എ.പി നേതാവ് ഈ കാര്യം അഭിപ്രായപ്പെട്ടത്. എല്ലാ കണ്ണീരിനും നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും സിസോദിയ കുറിച്ചു.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ശത്രുരാജ്യത്തോടെന്നപോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ഒരു ആവശ്യം മാത്രമുന്നയിക്കുന്ന സമരക്കാരെ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘മെലഡി’ തിന്നാന്‍ സമയമുണ്ടെന്നും എന്നാല്‍ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സമയമില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

യുവാക്കള്‍ തല്ലിച്ചതക്കപ്പെട്ടു. അവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒരു ശത്രുരാജ്യത്തോടെന്നപോലെ അവരോട് പെരുമാറിയെന്നും പൊലീസ് നടപടിയെക്കുറിച്ച് സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു.

ഇവിടത്തെ യുവാക്കള്‍ ഉണര്‍ന്നുവെന്ന് പ്രധാനമന്ത്രി മോദി മനസ്സിലാക്കണം. നിങ്ങള്‍ അവരെ കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ നിങ്ങളെ അധികാരത്തില്‍നിന്ന് വലിച്ചെറിയുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണെന്നാണ് അവരുടെ ഒരേയൊരു ആവശ്യം. പക്ഷേ പ്രക്ഷോഭ സ്ഥലത്ത് നിന്ന് സോനം വാങ്ചുക്കിനെ ഒഴിവാക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിങ് പറഞ്ഞു.

എ.എ.പി നേതാവ് സൗരഭ് ഭരദ്വാജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജെന്‍ സി തലമുറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രിയം കുറവാണെന്നാണ് പ്രതിഷേധങ്ങള്‍ തെളിയിക്കുന്നുവെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.

ജനങ്ങള്‍ ഇപ്പോഴും പ്രതിഷേധത്തിനായെത്തുന്നു. ദല്‍ഹിയിലെ മാത്രമല്ല യു.പിയിലെയും ഹരിയാനയിലെയും വരെ ആളുകള്‍ പ്രതിഷേധത്തിനെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: AAP slams Centre over police action on student protesters

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more