ന്യൂദല്‍ഹി: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അന്‍മോള്‍ ഗഗന്‍ മാന്‍ രാജിവെച്ചു. ഇന്ന് (ശനിയാഴ്ച) ആയിരുന്നു രാജി. തന്റെ രാജി സ്വീകരിക്കണമെന്ന് അന്‍മോള്‍ സ്പീക്കറിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
പിന്നാലെ തന്റെ ഹൃദയം ഭാരമുള്ളതാണെന്നും പക്ഷെ രാഷ്ട്രീയം വിടാന്‍ താന്‍ തീരുമാനിച്ചുവെന്നും അന്‍മോള്‍ ഗഗന്‍ മാന്‍ തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം വിടുകയാണെന്ന് പറഞ്ഞ അവര്‍ ആ തീരുമാനത്തിലേക്ക് എത്താനുണ്ടായ കാരണം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
എം.എല്‍.എ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി സ്പീക്കര്‍ അംഗീകരിക്കണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഒപ്പം തന്റെ പാര്‍ട്ടിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍മോള്‍ ഗഗന്‍ മാന്‍ കൂട്ടിച്ചേര്‍ത്തു.
ഗായിക കൂടിയായ അന്‍മോള്‍ 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖരാര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു.
മന്ത്രിയായപ്പോള്‍ ടൂറിസം, സാംസ്‌കാരികം, തൊഴില്‍, ഹോസ്പിറ്റാലിറ്റി, നിക്ഷേപ പ്രോത്സാഹനം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജനപ്രിയ പഞ്ചാബി ഗായികയായിരുന്നു അന്‍മോള്‍ ഗഗന്‍ മാന്‍.
2020ലായിരുന്നു അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. പിന്നീട് പാര്‍ട്ടിലെ യൂത്ത് വിങ്ങിന്റെ കോ-പ്രസിഡന്റായി. 2022ല്‍ ഖരാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 37885 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
Content Highlight: AAP Punjab MLA Anmol Gagan Maan resigns