ഭട്ടിന്‍ഡ: പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകക്ഷാമമുണ്ടെന്ന് പരസ്യമായി പറഞ്ഞ എം.എല്‍.എയെ മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്ത് ആം ആദ്മി പാര്‍ട്ടി.
‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കമില്ലായ്മയും’ ആരോപിച്ചാണ് മൗര്‍ എം.എല്‍.എ സുഖ്‌വീര്‍ സിങ് മൈസേര്‍ഖാനയുടെ പ്രാഥമിക പാര്‍ട്ടി അംഗത്വം പാര്‍ട്ടി ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.
എ.എ.പി സംസ്ഥാന സെക്രട്ടറി ഹര്‍ജോത് സിങ് ബര്‍സത് ഒപ്പിട്ട കത്തിലൂടെയാണ് സസ്‌പെന്‍ഷന്‍ അറിയിച്ചത്.
പ്രശ്‌നം പരിഹരിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ പരസ്യമായി രംഗത്തെത്തിയതെന്ന് മൈസേര്‍ഖാന പറഞ്ഞത്. മാര്‍ച്ചില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ 117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ മക്കളെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ അയക്കുന്ന ഏക എം.എല്‍.എ ആണ് മൈസേര്‍ഖാനയെന്ന് കണ്ടെത്തിയിരുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ സംസാരിച്ച എം.എല്‍.എ സര്‍ക്കാരിന്റെ ‘ശിഖ്യാ ക്രാന്തി’ പരിപാടിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്തു. തന്റെ കുട്ടികളെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേര്‍ത്തതില്‍ ഖേദമുണ്ടെന്നും അവര്‍ പഠിക്കുന്ന രാംനഗര്‍ സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവുണ്ടെന്നും അവരുടെ ഭാവി അപകടത്തിലാണെന്നും പറഞ്ഞു.
വിഷയം പാര്‍ട്ടി നേതൃത്വത്തിനോട് ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഭഗവത് സിങ് മാനെ വിളിച്ചതായി പഞ്ചാബിന്റെ ചുമതലയുള്ള മനീഷ് സിസോദിയ പറഞ്ഞെങ്കിലും വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ തന്നെ കണ്ടിട്ടില്ലെന്ന് മൈസേര്‍ഖാന പറഞ്ഞു.
ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍സ് പറഞ്ഞു. മണ്ഡലത്തിലെ 90 ശതമാനം അധ്യാപകതസ്തികയും നികത്തിയതായും രാംനഗര്‍ സ്‌കൂളില്‍ 580 വിദ്യാര്‍ഥികള്‍ക്ക് 30 പേര്‍ എന്ന അനുവദനീയമായ സ്ഥാനത്ത് 25 അധ്യാപകര്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
തന്റെ രാഷ്ട്രീയഭാവിയെക്കുറിച്ചും സുഖ്‌വീര്‍ സിങ് മൈസേര്‍ഖാന ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചു. വലിയ പ്രതീക്ഷകളോടെയാണ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പക്ഷേ വാഗ്ദാനങ്ങളെല്ലാം മുദ്രാവാക്യങ്ങളിലൊതുങ്ങിയെന്നും എം.എല്‍.എ പറഞ്ഞു. പാര്‍ട്ടി ടിക്കറ്റ് കിട്ടുന്ന കാര്യത്തെപ്പറ്റി ഇനി തനിക്ക് ചിന്തയില്ലെന്നും ജനങ്ങള്‍ പഞ്ചാബിനു വേണ്ടി ഉണരണമെന്നും പറഞ്ഞു.
Content Highlight: AAP MLA flags teacher shortage in govt school his son goes to, party suspends him.