| Sunday, 30th August 2026, 9:59 am

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചുകൊന്നു

ശ്രീലക്ഷ്മി പി.പി

ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് വെടിയേറ്റു മരിച്ചു. പാർട്ടി നേതാവായ ഗുർപ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ ഹർപ്രീത് സിങ്ങിന് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരം മംദോട്ട് മേഖലയിലെ റോഡിലൂടെ ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ, കാറിലെത്തിയ അജ്ഞാത സംഘം ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ഗുർപ്രീത് സിങ് മരണപ്പെട്ടു. പരിക്കേറ്റ ഹർപ്രീത് ഫിറോസ്പുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പഴയ തെരഞ്ഞെടുപ്പ് വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഫിറോസ്പുർ എസ്.എസ്.പി ഭൂപീന്ദർ സിങ് സിദ്ദു അറിയിച്ചു.

ഈ വർഷം ആദ്യം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംദോട്ട് നഗർ പഞ്ചായത്ത് പ്രസിഡന്റ് വിക്കി മെയ്നിയും ഗുർപ്രീതും തമ്മിലുണ്ടായ തർക്കങ്ങളാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഹർപ്രീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ആയുധ നിരോധന നിയമങ്ങൾ എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രധാന അക്രമിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്.എസ്.പി വ്യക്തമാക്കി.

Content Highlight:AAP leader shot dead in Punjab.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more