ന്യൂദല്‍ഹി: തലസ്ഥാന നഗരിയില്‍ മഴക്കെടുതിയില്‍ വലഞ്ഞ് പൊതുജങ്ങള്‍. ഇന്ന് രാവിലെ പെയ്ത മഴയില്‍ പല റോഡുകളും വെള്ളത്തിനടിയിലായി. ഗതാഗതം പോലും ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി.
കനത്ത മഴയില്‍ നഗരത്തില്‍ സംഭവിക്കുന്ന നാശ നഷ്ടങ്ങളുടെയും വെള്ളകെട്ടുകളുടെയും വീഡിയോകള്‍ പങ്കുവെച്ചാണ് പ്രതിപക്ഷ നേതാവായ അതിഷിയും ആം ആദ്മി പാര്‍ട്ടി നേതാക്കളും ഭരണപക്ഷത്തെ പരിഹസിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ അതിഷി നിരവധി വീഡിയോകള്‍ തന്റെ എക്‌സ് പ്ലാറ്റ് ഫോമിലൂടെ ഷെയര്‍ ചെയ്തു. ടിക്രി കലാനിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടില്‍ ഇരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ലജ്ജിക്കണമെന്ന് അതിഷി കുറിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്തയെയും മേയര്‍ രാജ ഇക്ബാല്‍ സിങ്ങിനെയും ടാഗ് ചെയ്ത് അവര്‍ എവിടെയാണെന്ന് അതിഷി ചോദിച്ചു.
വെള്ളകെട്ടുകളിലൂടെ ആളുകള്‍ നടക്കുന്നതിന്റെയും വാഹനങ്ങള്‍ ഓടിക്കുന്നതിന്റെയും എ.പി.ഐയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ദല്‍ഹിയില്‍ ജല കായിക വിനോദം ആരംഭിച്ച ബി.ജെ.പി സര്‍ക്കാരിന് നന്ദി’ എന്നും പ്രതിപക്ഷ നേതാവ് എക്സില്‍ കുറിച്ചു. വെള്ളക്കെട്ടില്‍ തോണി തുഴഞ്ഞ് ബി.ജെ.പി എം.എല്‍.എ രവി നേഗിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയും അതിഷി ഷെയര്‍ ചെയ്തിട്ടുണ്ട്.
ദല്‍ഹി കോണ്‍ഗ്രസ് എക്‌സ് ഹാന്‍ഡില്‍ ഒരു ഫ്‌ലൈഓവറിനടുത്ത് ഒരാള്‍ നീന്തുന്നത് കാണിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴയില്‍ ഇന്ത്യാ ഗേറ്റ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മണ്ഡി ഹൗസ്, തുഗ്ലക്ക് റോഡ്, നഗരത്തിലെ മറ്റ് നിരവധി ഭാഗങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
Content Highlight: AAP Criticize BJP For Delhi Chokes On Rain