| Tuesday, 24th February 2026, 9:40 am

അരിജിത് സിങ്ങിന്റെ വീട്ടില്‍ നാല് ദിവസത്തോളം താമസിച്ച് ആമിര്‍ ഖാന്‍; വിരമിക്കലിനെക്കുറിച്ച് വീണ്ടും ആലോചിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിച്ച് താരം

അശ്വിന്‍ രാജേന്ദ്രന്‍

2026 ല്‍ സിനിമാ പ്രേക്ഷകരെയും സംഗീതപ്രേമികളെയും ഒരു പോലെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു പിന്നണിഗായകരംഗത്ത് നിന്നുമുള്ള ഗായകന്‍ അരിജിത്ത് സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2013 ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തും ഹി ഹോ എന്ന ഗാനത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ മുപ്പത്തിയെട്ടുകാരന്‍ കേസരിയാ, അഗര്‍ തും സാത് ഹോ, ചലേയാ തുടങ്ങി ഒട്ടനവധി ഗാനങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്നും എന്നാല്‍ സ്വന്തമായി ഇന്‍ഡിപെന്‍ഡന്റ് മ്യുസീഷ്യനായി തുടരുമെന്നും അറിയിച്ചുകൊണ്ട് ജനുവരി 27നാണ് താരം സമൂഹ മാധ്യമം വഴി വിരമിക്കല്‍ പ്രഖ്യാപനം പുറംലോകത്തെ അറിയിച്ചത്.

ആമിറും അരിജിത്തും. Photo: Zee music company/ x.com

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് തൊട്ട് പിന്നാലെ മുര്‍ഷിദാബാദിലെ അരിജിത് സിങ്ങിന്റെ വീട് സന്ദര്‍ശിച്ച ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘ഏക് ദിന്‍’ ലെ അരിജിത് ആലപിച്ച ഗാനവും വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

അരിജിത്തിന്റെ വീട്ടില്‍ തറയിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെസ്സ് കളിക്കുകയും ടെറസ്സില്‍ പട്ടം പറത്തുകയും അയല്‍വാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ആമിര്‍ ഖാനെ വീഡിയോയില്‍ കാണാം. ആമിറിന്റെ നാട്ടിലെ ചെറിയ സ്റ്റുഡിയോയില്‍ ഇരുന്ന് പുതിയ ഗാനം ആസ്വദിക്കുന്നതും ഗായകനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ‘നിങ്ങള്‍ ഇനി ഒരു പ്രൊജക്ടും ഏറ്റെടുക്കുന്നില്ലേ? കുറച്ച് കാലത്തേക്ക് താങ്കള്‍ക്ക് ഒരു ബ്രേക്ക് വേണോ? അതല്ലെങ്കില്‍ ഹിന്ദി ചിത്രങ്ങള്‍ക്ക് വേണ്ടി ഇനി പാടില്ലെന്നാണോ? ‘ അങ്ങനെയൊന്നും ചെയ്യല്ലേ യാര്‍, ഞങ്ങള്‍ പിന്നെന്ത് ചെയ്യുമെന്ന്’ അരിജിത്തിനോട് ആമിര്‍ ചോദിക്കുന്നതും കേള്‍ക്കാം.

നേരത്തേ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മുര്‍ഷിദാബാദില്‍ പോയത് അരിജിത്തിനെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആയിരുന്നില്ലെന്നും മറ്റൊരു ആവശ്യത്തിനായി പോയതാണെന്നും ആമിര്‍ പറഞ്ഞിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് താന്‍ ഗായകനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അദ്ദേഹം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

ഏക് ദിന്‍. Photo: Aamir Khan talkies

മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ഏക് ദിന്നില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനും സായ് പല്ലവിയുമാണ്. സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനും മന്‍സൂര്‍ ഖാനും അപര്‍ണ പുരോഹിതും ചേര്‍ന്നാണ്.

Content Highlight: Aamir Khan visits Arijit singhs home and spends four days there

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more