ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വേഷപ്പകര്‍ച്ച കൊണ്ട് അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകളായി, തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ ആമിര്‍ ഖാന്‍ എന്നാല്‍ 2018-ല്‍ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍, 2022-ല്‍ റിലീസ് ചെയ്ത ലാല്‍ സിങ് ഛദ്ദ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ ഗെയിം ചേഞ്ചേഴ്സ് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ലാല്‍ സിങ് ഛദ്ദയുടെ പരാജയ കാരണങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ആമിര്‍. തുടര്‍ച്ചയായി നിരവധി ഹിറ്റുകള്‍ കിട്ടിയതുകൊണ്ട് ലാല്‍ സിങ് ഛദ്ദയില്‍ തനിക്ക് അമിത ആത്മവിശ്വാസം തോന്നിയെന്നും അവിടെയാണ് തനിക്ക് തെറ്റ് പറ്റിയതെനനും ആമിര്‍ സമ്മതിച്ചു.
‘ഞാന്‍ ചെയ്യുന്ന ഓരോ ചിത്രത്തെയും സാധാരണയായി ഒരു എക്കണോമിക് ഫില്‍ട്ടറിലൂടെയാണ് വിലയിരുത്താറ്. ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നില്ലെങ്കിലും അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ കാര്യത്തില്‍ അത് തെറ്റി.
നിങ്ങളുടെ സിനിമയ്ക്ക് 120 കോടി രൂപ വരുമാനം ലഭിക്കുമെന്ന് അറിയാമെങ്കില്‍, ബഡ്ജറ്റ് പരമാവധി 80 കോടി രൂപ വരെയാക്കാം. യഥാര്‍ത്ഥത്തില്‍ അത് 50-60 കോടിക്കുള്ളില്‍ ആയിരിക്കണം. എന്നാല്‍, ഞങ്ങള്‍ 200 കോടി രൂപ ചെലവഴിച്ചാണ് ഈ ചിത്രം നിര്‍മിച്ചത്,’ ആമിര്‍ പറഞ്ഞു. ചെലവ് കുതിച്ചുയര്‍ന്നതില്‍ കൊവിഡ് മഹാമാരി ഒരു പ്രധാന കാരണമായെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ആഗോളതലത്തില്‍ 133.5 കോടി രൂപ മാത്രമാണ് ലാല്‍ സിങ് ഛദ്ദ നേടിയത്. ഇന്ത്യയില്‍ ഇത് വെറും 11 കോടി രൂപയായിരുന്നു. ദംഗലിന്റെ ആഭ്യന്തര കളക്ഷന്‍ 385 കോടി രൂപയും ആഗോള കളക്ഷന്‍ 2,000 കോടി രൂപയും ആയിരുന്നു. ലഗാന്‍ മുതല്‍ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ വരെയുള്ള ആമിര്‍ ഖാന്റെ സിനിമാ ജീവിതം ഒരു സുവര്‍ണ കാലഘട്ടം ആയിരുന്നു. 3 ഇഡിയറ്റ്‌സ്, പികെ, ദംഗല്‍, ഗജിനി തുടങ്ങിയ ഹിറ്റുകള്‍ ഉള്‍പ്പെടെ, ആ വര്‍ഷങ്ങളിലുണ്ടായി.
Content highlight: Aamir Khan talks about Lal Singh Chaddha’s failure