സിതാരേ സമീന്‍ പര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആമിര്‍ ഖാന്‍. വളരെ രസകരമായ അനുഭവമാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.
ഷൂട്ടിങ്ങിനിടെ ദിവസവും തന്റെ സഹനടന്മാരായ പത്ത് കുട്ടികളില്‍ നിന്ന് തനിക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും സെറ്റിലെ അന്തരീക്ഷം വളരെ രസകരവും പോസിറ്റീവുമായിരുന്നുവെന്നും ആമിര്‍ പറയുന്നു. സിനിമയുടെ ഷൂട്ടിങ് എപ്പോള്‍ അവസാനിച്ചുവെന്ന് പോലും തനിക്ക് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ജീവിതത്തില്‍ നിന്നോ എന്റെ ബന്ധുക്കളുടെ ജീവിതത്തില്‍ നിന്നോ എന്തെങ്കിലും പാഠം പഠിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ”സിതാരേ സമീന്‍ പര്‍” എന്ന സിനിമയില്‍ ഞാന്‍ അത്തരം കുട്ടികളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ ബുദ്ധിപരമായി വൈകല്യമുള്ള 10 കുട്ടികളാകുന്നത് ഇതാദ്യമായിരിക്കും,’
ഒരു വശത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് ഒരു ആവേശവും വെല്ലുവിളിയുമായിരുന്നുവെന്നും മറുവശത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിര്‍ഖാന്‍ ചിത്രമായിരുന്നു സിതാരേ സമീന്‍ പര്‍. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായി പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ആര്‍. എസ്. പ്രസന്നയാണ്.
മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ വര്‍ഷം ജൂണ്‍ 20നാണ് സിതാരേ സമീന്‍ പര്‍ തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ 266 കോടിയോളം സ്വന്തമാക്കിയിരുന്നു.
Content highlight: Aamir Khan sharing his memories of working on the film Sitare Zameen Par