ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഒരുക്കിയ ലോകേഷ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കൈകോര്‍ത്തപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്റ്റ് ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. ദാഹാ എന്ന കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിച്ചത്. കൂലിക്ക് വേണ്ടി ഇരുപത് കോടിയാണ് ആമിര്‍ വാങ്ങിയത് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ കൂലി സിനിമയിലെ തന്റെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍.
‘കൂലിക്ക് വേണ്ടി ഞാന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. രജിനികാന്തിനോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിയുന്നത് ഒരു വലിയ ബഹുമതിയാണ്. അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലവുമാണ്. ഞാന്‍ ഒരു അതിഥി വേഷത്തില്‍ മാത്രമാണ് എത്തിയത്. രജിനികാന്തും നാഗാര്‍ജുനയുമാണ് കൂലിയിലെ യഥാര്‍ത്ഥ നായകന്മാര്‍. അവര്‍ അഭിനയിക്കുന്നത് കൊണ്ടാണ് പ്രേക്ഷകര്‍ സിനിമയെ സ്‌നേഹിക്കുകയും തിയേറ്ററുകളിലേക്ക് തിരക്കുകൂട്ടുകയും ചെയ്യുന്നത്,’ ആമിര്‍ ഖാന്‍ പറഞ്ഞു.
അതേസമയം റിലീസിന് മുമ്പ് തന്നെ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ കൂലിക്ക് കഴിഞ്ഞു. എന്നാല്‍ ആദ്യത്തെ ദിവസത്തെ തിരക്ക് പിന്നീടങ്ങോട്ട് ഉണ്ടാക്കാന്‍ ലോകേഷ് ചിത്രത്തിനായില്ല. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ് എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. 350 കോടിയോളമാണ് കൂലിയുടെ ബഡ്ജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Aamir Khan Says He Didn’t Charge a Single Rupee for Coolie movie