| Friday, 12th September 2025, 4:29 pm

ഇത്രയും ട്രോള്‍ ലഭിക്കുമെന്ന് വിചാരിച്ചില്ല, ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു കൂലി. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. റിലീസിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കൂലിക്കെതിരെ വലിയ ട്രോളുകളായിരുന്നു.

ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയതില്‍ ഏറ്റവും വലിയ ഘടകമായിരുന്നു ആമിര്‍ ഖാന്റെ അതിഥിവേഷം. ദാഹ എന്ന കഥാപാത്രമായാണ് ആമിര്‍ ഖാന്‍ കൂലിയില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് മിനിറ്റ് മാത്രം സ്‌ക്രീന്‍ സ്‌പെയ്‌സുള്ള കഥാപാത്രം ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയിലായി മാറി. വന്‍ ബില്‍ഡപ്പില്‍ വന്ന് വെറുതേ ബീഡി വലിക്കാനുള്ള കഥാപാത്രമായി ദാഹ മാറി.

ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു കോമാളി റോള്‍ ചെയ്യണോ എന്ന തരത്തിലായിരുന്നു ആമിര്‍ ഖാനെതിരെയുള്ള ട്രോളില്‍ വന്ന ചോദ്യങ്ങള്‍. ഇപ്പോഴിതാ കൂലിയില്‍ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘സത്യം പറഞ്ഞാല്‍ രജിനി സാറിന് വേണ്ടി മാത്രമാണ് ഞാന്‍ ആ അതിഥിവേഷത്തോട് ഓക്കെ പറഞ്ഞത്. എന്റെ കഥാപാത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പോഴും എനിക്ക് ഒരു പിടിയുമില്ല. ചുമ്മാ വന്ന് രണ്ട് ഡയലോഗ് പറഞ്ഞിട്ട് പോവുക എന്നതിനപ്പുറത്തേക്ക് ഞാന്‍ കൂടുതലായി ഒന്നും ആലോചിച്ചില്ല. ഇതിന്റെ ഫൈനല്‍ പ്രൊഡക്ട് എങ്ങനെയായിരിക്കുമെന്ന് പോലും അറിയില്ലായിരുന്നു.

രസകരമായ ഒരു അപ്പിയറന്‍സായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ലായിരുന്നു കിട്ടിയത്. ഇത്രയും ട്രോള്‍ കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ ആ സീന്‍ ആളുകള്‍ക്ക് വര്‍ക്കാകാത്തതുകൊണ്ടാണ് ഇങ്ങനെ നടന്നതെന്ന് തിരിച്ചറിയുകയാണ്. വലിയൊരു മിസ്‌റ്റേക്കായിരുന്നു. ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും,’ ആമിര്‍ ഖാന്‍ പറയുന്നു.

രജിനികാന്തിനും ആമിര്‍ ഖാനും പുറമെ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിര്‍, തമിഴ് താരം സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിര കൂലിയില്‍ അണിനിരന്നു. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 510 കോടിയാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം വന്‍ പ്രതീക്ഷയില്‍ വന്ന നിരാശ സമ്മാനിച്ച സിനിമകളുടെ പട്ടികയിലാണ് പലരും കൂലിയെ ഉള്‍പ്പെടുത്തിയത്.

Content Highlight: Aamir Khan saying it was mistake that he acted in Coolie movie

We use cookies to give you the best possible experience. Learn more