ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി. രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തായിരുന്നു നായകന്‍. ഒപ്പം ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര അണിനിരന്ന ചിത്രം റിലീസിന് മുമ്പ് പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞു.
എന്നാല്‍ ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു കൂലിക്ക് ലഭിച്ചത്. ശക്തമായ തിരക്കഥയില്‍ അതിഗംഭീര മാസ് സീനുകള്‍ ഒരുക്കുന്ന ലോക്കിക്ക് ഇത്തവണ സ്ഥിരം ട്രാക്കില്‍ ആവര്‍ത്തിക്കാനായില്ല. ബലമില്ലാത്ത തിരക്കഥയില്‍ വലിയ താരനിരയെ അണിനിരത്തി ഒരുക്കിയ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമാനുഭവമായി കൂലി മാറി.
ഇടയ്ക്ക് അതിഗംഭീര മാസ് രംഗങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്നെങ്കിലും ഹൈപ്പര്‍ലിങ്ക് നരേഷനും സബ്‌പ്ലോട്ടുകളുടെ ബാഹുല്യവും കാരണം സിനിമയോട് കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സംവിധായകന് സാധിച്ചില്ല. ആരാധകര്‍ വലിയ പ്രതീക്ഷ വെച്ച പലയിടത്തും ലോകേഷ് പ്രതീക്ഷക്കൊത്ത് സിനിമയെ ഉയര്‍ത്തിയില്ല. അത്തരത്തിലൊന്നായിരുന്നു ആമിര്‍ ഖാന്റെ അതിഥിവേഷം.
ചിത്രത്തില്‍ അതിഥിവേഷത്തില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. വിക്രത്തില്‍ സൂര്യ ചെയ്തതുപോലെ ഒരു അതിഥിവേഷമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പുറത്തുവിട്ട ഫസ്റ്റ് ലുക്കും അത്തരത്തിലൊന്നായിരുന്നു. ദാഹ എന്ന കഥാപാത്രം സിനിമയില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നായിരുന്നു ലോകേഷിന്റെ അവകാശവാദം.
എന്നാല്‍ ചിത്രത്തിന്റെ അവസാന അഞ്ച് മിനിറ്റായിരുന്നു ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ഹെലികോപ്റ്റിന്റെ അകമ്പടിയോടെ വരുന്ന ഇന്‍ട്രോയാണ് ആമിര്‍ ഖാന് വേണ്ടി ലോകേഷ് ഒരുക്കിയത്. അനിരുദ്ധ് ചിട്ടപ്പെടുത്തിയ EDM ബി.ജി.എമ്മും തിയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റി. ആമിര്‍ ഖാന്റെ കരിയറില്‍ ഇതുപോലൊരു മാസ് ഇന്‍ട്രോ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.
എന്നാല്‍ ഇന്‍ട്രോ മാത്രമേ ഉള്ളു അല്ലേ എന്ന് ലോകേഷിനോട് ചോദിക്കേണ്ടി വന്നു. വന്‍ ബില്‍ഡപ്പ് കൊടുത്ത് ഇറക്കിയ ദാഹ എന്ന കഥാപാത്രം പിന്നീട് കോമഡി പീസായി മാറി. വില്ലനായി വന്ന് പിന്നീട് നായകനൊപ്പം ചേരുന്ന തരത്തില്‍ ആ കഥാപാത്രത്തെ വികലമാക്കി കളഞ്ഞു. ഒപ്പം കൂടെ നില്‍ക്കുന്ന ഉപേന്ദ്രയുടെ കഥാപാത്രത്തോട് ബീഡി ചോദിക്കുന്ന സീന്‍ കൂടിയായപ്പോള്‍ തിളക്കത്തില്‍ ദിലീപ് ബീഡി ചോദിക്കുന്ന രംഗം ഓര്‍മവന്നു.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച താരത്തെ രജിനികാന്തിന്റെ സിനിമയില്‍ കൊണ്ടുവരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമായിരിക്കും. എന്നാല്‍ ഇത്തവണ ഈയൊരു കാര്യത്തില്‍ ലോകേഷിന് അടിതെറ്റിയെന്ന് തന്നെ പറയാം. നായികമാരും അനാവശ്യ ഗാനരംഗങ്ങളുമില്ലാതെ വിക്രം, കൈതി, മാനഗരം എന്നീ ചിത്രങ്ങളൊരുക്കിയ ലോകേഷ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പാണ്.
Content Highlight: Aamir Khan’s cameo role in Coolie movie