| Tuesday, 16th September 2025, 12:12 pm

റീമേക്ക് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല; നല്ല കഥകള്‍ ചെയ്യുക എന്നാണ് എന്റെ ലക്ഷ്യം: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. 30 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ വേഷപ്പകര്‍ച്ച കൊണ്ട് അദ്ദേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആമിര്‍ ഖാന്റെ മിക്ക സിനിമകളും റീമേക്ക് ചിത്രങ്ങളാണ്. ലാല്‍ സിംഗ് ഛദ്ദ, ഗജിനി ഈയടുത്ത്  വന്ന സിതാരേ സമീന്‍പറും സ്പാനിഷ് സിനിമയുടെ റീമേക്കായിരുന്നു.

ഇപ്പോള്‍ ഗൃഹശോഭ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റീമേക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. റീമേക്കുകളില്‍ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പറയുന്നു. റീമേക്ക് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് താന്‍ കരുതുന്നില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇതിനുമുമ്പ് ഞാന്‍ നിരവധി റീമേക്ക് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സിനിമയുടെ കഥ സ്പാനിഷ് അല്ലെങ്കില്‍ ഹോളിവുഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കില്‍ അതില്‍ എന്താണ് തെറ്റ്. എത്ര പേര്‍ സ്പാനിഷ് ഹോളിവുഡ് സിനിമകള്‍ കണ്ടിട്ടുണ്ടാകും. നല്ല കഥകളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം അത് റീമേക്ക് ആയാലും ഒറിജിനല്‍ ആയാലും എനിക്ക് പ്രശ്‌നമല്ല,’ ആമിര്‍ഖാന്‍ പറയുന്നു.

താങ്കളുടെ കണ്ണില്‍ ആരാണ് യഥാര്‍ത്ഥ താരമെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ബോളിവുഡില്‍ താരങ്ങളും സൂപ്പര്‍സ്റ്റാറുകളും എല്ലാം ട്രെന്‍ഡാണെന്ന് അദ്ദേഹം പറയുന്നു.

‘പക്ഷേ ഞാന്‍ പറയുകയാണെങ്കില്‍ എന്റെ കണ്ണില്‍ എല്ലാവരും താരമാണ്. തൊഴിലുകള്‍ വ്യത്യസ്തമാണെങ്കിലും നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരും വ്യത്യസ്തരല്ല,  എല്ലാവരും നമ്മുടെ സ്വന്തമാണ്. ഇതാണ് എന്റെ യഥാര്‍ത്ഥ ചിന്ത. ഈ ആശയത്തില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നാമെല്ലാവരും എവിടെയോ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ തത്വ ചിന്തയില്‍ നമ്മളെല്ലാം ഒന്നാണ്,’  ആമിര്‍ പറഞ്ഞു.

Content highlight: Aamir Khan is talking about remakes

We use cookies to give you the best possible experience. Learn more