| Monday, 11th May 2026, 7:18 pm

ഇത്രേം ഫ്‌ളോപ്പ് കിട്ടിയിട്ടും പഠിച്ചില്ലേ, അവസാനം പ്രൊഡ്യൂസ് ചെയ്ത നാല് റീമേക്കില്‍ ഹിറ്റായത് ഒന്ന് മാത്രം, ആമിര്‍ ഖാന്റെ ടൈം നല്ല ബെസ്റ്റ് ടൈം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ആമിര്‍ ഖാന്‍. ഓരോ സിനിമയെയും അങ്ങേയറ്റം പെര്‍ഫക്ഷനോടെ സമീപിക്കുന്ന ആമിര്‍ ഖാനെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. അഭിനയത്തിന് പുറമെ മികച്ച സിനിമകള്‍ നിര്‍മിക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. താരേ സമീന്‍ പറിലൂടെ സംവിധായക കുപ്പായമണിയുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ ആമിറിന് അത്ര നല്ല കാലമല്ല. ദംഗലിലൂടെ ബോളിവുഡിലെ ആദ്യ 1000 കോടി എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ആമിര്‍. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ അത്രകണ്ട് മുന്നേറുന്നില്ല. ഏറ്റവുമൊടുവില്‍ ആമിര്‍ ഖാന്‍ നിര്‍മിച്ച ഏക് ദിന്‍ ബോക്‌സ് ഓഫീസില്‍ ചക്രശ്വാസം വലിക്കുകയാണ്.

ആമിര്‍ ഖാന്‍

തായ് ചിത്രമായ വണ്‍ ഡേയുടെ റീമേക്കാണ് ഏക് ദിന്‍. ആമിറിന്റെ മകന്‍ ജുനൈദ് ഖാനും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകര്‍ കൈവിട്ടു. ഏക് ദിന്‍ മാത്രമല്ല, സീക്രട്ട് സൂപ്പര്‍സ്റ്റാറിന് ശേഷം ആമിര്‍ നിര്‍മിച്ച സിനിമകളില്‍ പലതും പരാജയമായിരുന്നു. വന്‍ ഹൈപ്പിലെത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍ സിങ് ഛദ്ദ എന്നീ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ചുകിട്ടാതെ ഫ്‌ളോപ്പായി.

നായകനായി മാത്രമല്ല. നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ സിനിമകളും ബോക്‌സ് ഓഫീസില്‍ പച്ചതൊട്ടില്ല. ഇതില്‍ പലതും റീമേക്കാണന്നത് ശ്രദ്ധേയമാണ്. ഹോളിവുഡ് ക്ലാസിക്കായ ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ പതിപ്പ് ലാല്‍ സിങ് ഛദ്ദ 200 കോടിക്കാണ് ഒരുങ്ങിയത്. എന്നാല്‍ 180 കോടി മാത്രമാണ് ചിത്രം നേടിയത്. താരത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിലൊന്നായിരുന്നു ഇത്.

ഏക് ദിന്‍ Photo: Theatrical poster

ഈ പരാജയത്തിന് ശേഷം മൂന്നര വര്‍ഷത്തോളം താരം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അഭിനയത്തില്‍ നിന്ന് മാത്രമായിരുന്നു ഈ ബ്രേക്ക്. ഇതിനിടെ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ ലാപതാ ലേഡീസ് ഗംഭീര കണ്ടന്റ് കൊണ്ട് മുന്നില്‍ നിന്നെങ്കിലും ബജറ്റ് തിരിച്ചുപിടിക്കുന്നതില്‍ പരാജയമായി. ലാല്‍ സിങ് ഛദ്ദക്ക് ശേഷം ആമിര്‍ നായകനായ സിതാരേ സമീന്‍ പര്‍ കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 250 കോടിയിലേറെ നേടാനും ചിത്രത്തിന് സാധിച്ചു.

സമീപകാലത്ത് ആമിറിന് ലാഭം സമ്മാനിച്ച ഒരേയൊരു സിനിമ കൂടിയാണ് സിതാരേ സമീന്‍ പര്‍. സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ റീമേക്കായിരുന്നു സിതാരേ സമീന്‍ പര്‍. ഈ ചിത്രത്തിന് ശേഷം നിര്‍മാതാവായെത്തിയ ഹാപ്പി പട്ടേല്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. 25 കോടിക്ക് ഒരുക്കിയ ചിത്രം ആകെ 6.2 കോടി മാത്രമാണ് നേടിയത്.

സിതാരേ സമീന്‍ പര്‍ Photo: Theatrical poster

ഇപ്പോഴിതാ ഏക് ദിന്‍ കൂടി പരാജയമായതോടെ ആമിര്‍ ഖാന്‍ എന്ന നിര്‍മാതാവിന്റെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്. ഇനിയെങ്കിലും റീമേക്കുകള്‍ ഒഴിവാക്കി ഒറിജിനല്‍ കണ്ടന്റുകള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Aamir Khan as a producer facing back to back flops

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more