| Thursday, 14th August 2025, 10:42 pm

പ്രോപ്പര്‍ റിലീസിന് മുമ്പ് എന്റെ ആ സിനിമ ചൈനയില്‍ എങ്ങനെ എല്ലാവരും ഇഷ്ടപ്പെട്ടു എന്ന് ഇപ്പോഴും മനസിലായിട്ടില്ല: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലേതെന്ന ചൈനയിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് ആമിര്‍ ഖാന്‍. സ്വന്തം സിനിമകളെന്ന പോലെയാണ് ചൈനയിലുള്ളവര്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന്റെ സിനിമകളെ സ്വീകരിക്കുന്നത്. ആമിര്‍ ഖാന്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ദംഗല്‍ ചൈനയില്‍ നിന്ന് മാത്രം 1300 കോടിയാണ് സ്വന്തമാക്കിയത്.

തന്റെ സിനിമകള്‍ക്ക് ഇന്ത്യയിലും ജി.സി.സിയിലും ലഭിക്കുന്നതുപോലെ ചൈനയിലും വലിയ സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിട്ടില്ലെന്ന് പറയുകയാണ് ആമിര്‍ ഖാന്‍. ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം ചൈനയില്‍ എങ്ങനെയാണ് ഹിറ്റായതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് താരം പറഞ്ഞു. ദി കോറിനോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.

‘ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമക്ക് ആദ്യം ചൈനയില്‍ റിലീസുണ്ടായിരുന്നില്ല. പക്ഷേ, ആ സിനിമയെക്കുറിച്ച് അവിടെയുള്ളവര്‍ അറിഞ്ഞു. ഏത് വിധേനയും ആ ത്രീ ഇഡിയറ്റ്‌സ് കാണണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ആ സിനിമക്ക് ചൈനയില്‍ റിലീസുണ്ടായത്. വലിയ രീതിയില്‍ അവിടെ ഹിറ്റാവുകയും ചെയ്തു.

പക്ഷേ, ഇങ്ങനെയൊരു സിനിമ റിലീസായിട്ടുണ്ടെന്നുള്ള കാര്യം ചൈനയില്‍ ആദ്യം അറിഞ്ഞ വ്യക്തി ആരാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. തീര്‍ച്ചയായും അയാള്‍ പൈറേറ്റഡ് കോപ്പിയായിരിക്കും കണ്ടിട്ടുണ്ടാവുക. ആ സമയത്ത് ത്രീ ഇഡിയറ്റ്‌സ് ഒറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിട്ടില്ലായിരുന്നു. പൈറേറ്റഡ് കോപ്പി കാണാതെ അയാള്‍ക്ക് വേറെ മാര്‍ഗമൊന്നും ഉണ്ടാകില്ലായിരുന്നു.

പക്ഷേ, അയാളോട് ഈ സിനിമയെക്കുറിച്ച് പറഞ്ഞത് ആരായിരിക്കും. വേര്‍ഡ് ഓഫ് മൗത്തിന്റെ പവറാണ് ഇതിന്റെ പിന്നില്‍ നമ്മള്‍ വലിയ രീതിയില്‍ പ്രൊമോഷന്‍ നടത്തുന്നതിനെക്കാള്‍ ഇംപാക്ടാണ് ഇത്തരത്തില്‍ വേര്‍ഡ് ഓഫ് മൗത്തിലൂടെ സിനിമകള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. അത് പിന്നീട് ദംഗലിനും ഗുണം ചെയ്തു. 1300 കോടിക്കടുത്താണ് ദംഗല്‍ അവിടെ നിന്ന് നേടിയത്,’ ആമിര്‍ ഖാന്‍ പറയുന്നു.

ആമിര്‍ ഖാന്‍ ഭാഗമായ ഏറ്റവും പുതിയ ചിത്രം കൂലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രജിനികാന്ത്, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ദാഹ എന്ന കഥാപാത്രത്തെയാണ് ആമിര്‍ ഖാന്‍ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് ദാഹയെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlight: Aamir Khan about the China release of 3 Idiots

We use cookies to give you the best possible experience. Learn more