ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. ഓരോ സിനിമയെയും സമീപിക്കുന്ന രീതി കൊണ്ടും സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കൊണ്ടും ആമിര്‍ ഖാന്‍ പലപ്പോഴും സിനിമാപ്രേമികളുടെ കൈയടി നേടാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
സ്റ്റാര്‍ എന്ന ഫാക്ടര്‍ സിനിമയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന കാര്യത്തോട് തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ആമിര്‍ ഖാന്‍. ഒരു സിനിമ ഒരുപാട് ആളുകളുടെ ശ്രദ്ധ നേടണമെങ്കില്‍ സ്റ്റാര്‍ എന്ന ഘടകം ആവശ്യമാണെന്ന് ആമിര്‍ ഖാന്‍ പറയുന്നു. എന്നാല്‍ ചിലസമയത്ത് താരങ്ങള്‍ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സിനിമയിലെത്തിയ സമയത്തെ സ്ഥിതി എന്താണെന്നാല്‍, താരങ്ങളുടെ ഡ്രൈവര്‍ക്കും അയാളുടെ കൂടെയുള്ള ബോയ്ക്കും ശമ്പളം നല്‍കിയിരുന്നത് നിര്‍മാതാവായിരുന്നു. ഞാന്‍ ആ സമയത്ത് ആലോചിച്ചത് ‘ഈ ഡ്രൈവറും ബോയ്‌യും പണിയെടുക്കുന്നത് എനിക്ക് വേണ്ടിയാണ്. അവര്‍ക്ക് പ്രൊഡ്യൂസര്‍ എന്തിനാണ് പൈസ കൊടുക്കുന്നത്?
വളരെ സെല്‍ഫിഷായിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. നിര്‍മാതാവ് എന്റെ കുട്ടികളുടെ സ്‌കൂള്‍ ഫീസും അടക്കുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ എവിടെപ്പോയി നില്‍ക്കുമെന്നാണ് ചില സമയത്ത് ആലോചിക്കുന്നത്. സിനിമക്ക് ആവശ്യമുള്ള പൈസ മാത്രം പ്രൊഡ്യൂസര്‍ ചെലവാക്കിയാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.
മേക്കപ്പ് മാന്‍, ഹെയര്‍ സ്റ്റൈലിസ്റ്റ്, കോസ്റ്റ്യൂം മാന്‍ ഇവര്‍ക്കുള്ള പൈസ മാത്രം പ്രൊഡ്യൂസര്‍ കൊടുത്താല്‍ മതി. കാരണം, അത് സിനിമക്ക് ആവശ്യമുള്ള കാര്യമാണ്. ബോയ്‌യും ഡ്രൈവറും എന്റേതാണ്. അവര്‍ പണിയെടുക്കുന്നത് എനിക്ക് വേണ്ടിയാണ്. ഞാനാണ് അവര്‍ക്ക് ശമ്പളം നല്‌കേണ്ടത്. ഞാന്‍ നല്ലവണ്ണം സമ്പാദിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ക്ക് നല്ല ശമ്പളം ഞാന്‍ കൊടുക്കും.
കരിയറിന്റെ തുടക്കം മുതല്‍ ഞാന്‍ ഇത് ഫോളോ ചെയ്യുന്നുണ്ട്. എന്റെ കൂടെ 37 വര്‍ഷമായി നില്‍ക്കുന്ന ബോയ്ക്ക് ഞാനാണ് ശമ്പളം കൊടുക്കുന്നത്. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ ബോയ്, ഡ്രൈവര്‍ എന്നിവരെ മാത്രമല്ല, കുക്ക്, ട്രെയിനര്‍ തുടങ്ങി ഒരു ടീമിനെ കൂടെ കൊണ്ടു നടക്കുന്നുണ്ട്. അവര്‍ക്കെല്ലാം ശമ്പളം കൊടുക്കുന്നത് പ്രൊഡ്യൂസറാണ്. ഒറ്റപ്പൈസ ഈ താരങ്ങള്‍ കൊടുക്കാറില്ല,’ ആമിര്‍ ഖാന്‍ പറയുന്നു.
കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രം കല്‍ക്കിയുടെ തുടര്‍ഭാഗങ്ങളില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ പുറത്താക്കിയതിന് പിന്നാലെയാണ് ആമിര്‍ ഖാന്റെ അഭിമുഖം വൈറലായത്. ദീപികയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതിനാലാണ് നിര്‍മാതാക്കള്‍ താരത്തെ പുറത്താക്കിയത്. ചിത്രത്തിന്റെ തുടര്‍ഭാഗങ്ങളില്‍ ദീപിക ഇനി ഉണ്ടാകില്ലെന്നായിരുന്നു വൈജയന്തി മൂവീസ് അറിയിച്ചത്.
പ്രതിഫലം വര്‍ധിപ്പിക്കല്‍, ലാഭത്തിന്റെ 10 ശതമാനം ഷെയര്‍, ആറ് മണിക്കൂര്‍ മാത്രം ഷൂട്ട്, കൂടെയുള്ള 25 സ്റ്റാഫുകളുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് നിര്‍മാതാക്കള്‍ നോക്കണം എന്നൊക്കെയായിരുന്നു ദീപികയുടെ ആവശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. ദീപികയെപ്പോലുള്ള താരങ്ങള്‍ ആമിര്‍ ഖാനെ കണ്ടുപഠിക്കാനാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
Content Highlight: Aamir Khan about star’s attitude that the producer must pay for their staffs