| Wednesday, 5th February 2014, 10:18 am

ആം ആദ്മി ഉന്നയിച്ച കാര്യങ്ങള്‍ സത്യം; തങ്ങള്‍ ഇരകളെന്ന് ഉഗാണ്ടന്‍ വനിതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: തങ്ങളെ ദല്‍ഹിയിലെ മയക്കുമരുന്നു മാഫിയ ലൈംഗികവൃത്തിക്കായി കൊണ്ടുവന്നതാണെന്നും തിരിച്ചുപോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉഗാണ്ടന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയെ സമീപിച്ചു.

നേരത്തെ മയക്കുമരുന്ന് വേശ്യാവൃത്തിയുടെ പേരില്‍ ആം ആദ്മി സര്‍ക്കാരിലെ നിയമമന്ത്രി സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപണമുണ്ടായിരുന്നു.

എന്നാല്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഉഗാണ്ടന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയെ തന്നെ സമീപിച്ചത് പാര്‍ട്ടിക്ക് കരുത്തായി.

കഴിഞ്ഞ ശനിയാഴ്ച സോംനാഥ് ഭാരതി നടത്തിയ മൊഹല്ല സഭയിലാണ് ആഫ്രിക്കന്‍ സ്ത്രീകള്‍ പരാതിയുമായി എത്തിയത്.

തുടര്‍ന്ന് ആപ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇവരെ തിരിച്ചയയ്ക്കണമെന്ന ദല്‍ഹി സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയം വിഷയം ഉഗാണ്ടന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഉഗാണ്ടന്‍ വനിതകള്‍ താമസിക്കുന്ന ദക്ഷിണ ദല്‍ഹിയിലെ കിര്‍ക്കി മേഖലയില്‍ രാത്രി റെയ്ഡ് നടത്താനുള്ള സോംനാഥ് ഭാരതിയുടെ നിര്‍ദേശം ദല്‍ഹി പോലീസ് നിരസിച്ചിരുന്നു.

തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകരും പോലീസും ഈ സ്ത്രീകളെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കി എന്നായിരുന്നു ആരോപണം.

ഇതിന്റെ പേരില്‍ സോംനാഥ് ഭാരതിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.

സോംനാഥ് രാജിവയ്ക്കണമെന്നുവരെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സോംനാഥിന് പൂര്‍ണ പിന്തുണ നല്‍കിയ ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി കെജ്‌രിവാളും ദല്‍ഹി പോലീസിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയില്‍ ധര്‍ണ നടത്തുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഇവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണെന്നുമുള്ള കേന്ദ്രത്തിന്റെ ഉറപ്പിന് ശേഷമാണ് അന്ന് ധര്‍മ കെജ് രിവാള്‍ പിന്‍വലിച്ചത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച കാര്യങ്ങള്‍ ശരിവച്ച് ഉഗാണ്ടന്‍ വനിതകള്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more