ന്യൂദല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും ദല്‍ഹി സര്‍ക്കാരിനെയും പരിഹസിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആം ആദ്മി പാര്‍ട്ടിയുടേത് ഹാഫ് എഞ്ചിന്‍ സര്‍ക്കാരാണെന്നും ഇത് ദേശീയ തലസ്ഥാനത്തെ നശിപ്പിച്ചെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ദല്‍ഹിയിലെ കുടിവെള്ളവും ഡ്രെയിനേജ് വെള്ളവും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നും നായിഡു ആരോപിച്ചു.
ഹാഫ് എഞ്ചിന്‍ സര്‍ക്കാര്‍ നശിപ്പിച്ച ദല്‍ഹിയെ ബി.ജെ.പിക്ക് മാത്രമേ രക്ഷിക്കാന്‍ സാധിക്കൂവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ദല്‍ഹി മലിനീകരണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി ആം ആദ്മി പാര്‍ട്ടിയാണെന്ന് പറഞ്ഞ നായിഡു യമുന ഏറ്റവും മലിനമായ നദിയായെന്നും പത്ത് വര്‍ഷക്കാലയളവുണ്ടായിട്ടും മലിനീകരണം നിയന്ത്രിക്കാനായില്ലെന്നും ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന് മാത്രമേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുവെന്നും കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശനം. പഞ്ചാബിലെ എ.എ.പി ഭരണത്തെയും നായിഡു വിമര്‍ശിച്ചു. രണ്ട് സംസ്ഥാനങ്ങളും സമ്പൂര്‍ണ പരാജയത്തിന്റെ മാതൃകയാണെന്നും നായിഡു പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്നും ഇക്കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നും ഈ മാതൃക രാജ്യത്തിന് നല്ലതല്ലെന്നും പറയുകയുണ്ടായി.
സാമ്പത്തിക പുരോഗതിക്കുവേണ്ടി പ്രത്യയ ശാസ്ത്രം രണ്ടാമതായെന്നും കമ്മ്യൂണിസം അവസാനിച്ചുവെന്നും ചൈന പോലുള്ള രാജ്യത്ത് കമ്മ്യൂണിസമുണ്ടെങ്കില്‍ വികസനത്തിലോ സമ്പത്ത് വ്യവസ്ഥയിലോ പുരോഗതിയില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
Content Highlight: Aam Aadmi’s is a half-engine government; Chandrababu Naidu insults the Delhi government