ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്തയന്‍ ഓപ്പണര്‍ സഞ്ജു സാംസണിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. കിവീസ് പേസര്‍ മാറ്റ് ഹെന്റി ഒരു ബുദ്ധിമാനായ ബൗളറായതിനാല്‍ സഞ്ജു ഹെന്റിക്കെതിരെ അല്‍പം ജാഗ്രത പാലിക്കണമെന്ന് ചോപ്ര പറഞ്ഞു.
സഞ്ജു ക്രീസില്‍ നിന്ന് വളരെ ഉള്ളിലേക്ക് പോയാല്‍ ഹെന്റിയുടെ ഫുള്‍ ലങ്ത് ഡെലിവറിയില്‍ വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുമ്പ് ഹെന്റിയുടെ പന്തില്‍ സഞ്ജു ഡക്കായിട്ടുണ്ടെന്നും ചോപ്ര ഓര്‍മിപ്പിച്ചു. മാത്രമല്ല കിവീസ് ബൗളര്‍മാരെ ജാഗ്രതയോടെ സമീപിക്കണമെന്ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ചോപ്ര നിര്‍ദേശം നല്‍കി.
സൂപ്പര്‍ 8ലെ ഡു ഓര്‍ ഡൈ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* റണ്‍സ് നേടിയ സഞ്ജു
‘ഹെന്റി ഒരു ബുദ്ധിമാനായ ബൗളറായതിനാല്‍ സഞ്ജു ഹെന്റിക്കെതിരെ അല്‍പം ജാഗ്രത പാലിക്കണമെന്ന് എനിക്ക് തോന്നുന്നു. ഹെന്റി ഫുള്‍ ബൗള്‍ ചെയ്ത് സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കും. സഞ്ജു ക്രീസില്‍ നിന്ന് വളരെ ഉള്ളിലേക്ക് പോയാല്‍, ഹെന്റിക്ക് നിങ്ങളെ പിടികൂടാന്‍ കഴിയും. മുമ്പ് അദ്ദേഹം സഞ്ജുവിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഗുവാഹത്തി ഗ്രൗണ്ടില്‍ ഹെന്റിയുടെ ഫുള്‍ ലങ്ത് പന്തില്‍ സഞ്ജു ഡക്കായത് എനിക്ക് ഓര്‍മയുണ്ട്.
നിങ്ങള്‍ അവരുടെ ബൗളര്‍മാരെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ (ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ അവസാന മത്സരം) ലോക്കി ഫെര്‍ഗൂസണ്‍ മികച്ച രീതിയില്‍ ബോളെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി. അതിനാല്‍ എല്ലാ മത്സരങ്ങളിലും 250 റണ്‍സ് പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല, ഓള്‍-ഔട്ടും ചെയ്യേണ്ടതില്ല. ആദ്യം സ്ഥിരത കൈവരിക്കുകയും പിന്നീട് ആക്‌സിലറേറ്റ് ചെയ്യുകയും ചെയ്യുക വേണം,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പുറത്താകുന്നത്
ടി-20 ലോകകപ്പ് 2026ല്‍ തുടക്ക മത്സരങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും സഞ്ജു നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മുന്നേറുന്നത്. സൂപ്പര്‍ 8ലെ ഡു ഓര്‍ ഡൈ മത്സരത്തില്‍ കരീബിയന്‍ പടയ്‌ക്കെതിരെ 50 പന്തില്‍ പുറത്താകാതെ 97* റണ്‍സ് നേടി വമ്പന്‍ പ്രകടനം നടത്തി സഞ്ജുവാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. 194.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു നാല് സിക്‌സറും 12 ഫോറുമായിരുന്നു ഗാലറിയിലേക്ക് അടിച്ചിട്ടത്. മത്സരം ഫിനിഷ് ചെയ്തതും സഞ്ജുവായിരുന്നു. മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും സെഞ്ച്വറിയോളം പോന്ന സഞ്ജുവിന്റെ ആ ഇന്നിങ്‌സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടക്കം പലരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി മാറി.
ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്ന സഞ്ജു
മാത്രമല്ല സെമി ഫൈനലിലും സഞ്ജു വമ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. കൂടാതെ ബാക് ടു ബാക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും താരത്തിന് സാധിച്ചു.
ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ ശോഭിക്കാന്‍ കഴിയാതെ പോയ സഞ്ജുവിനെ ഇന്ത്യന്‍ ടീം മാറ്റി നിര്‍ത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സഞ്ജുവിനെതിരായ വിമര്‍ശനങ്ങള്‍ അതിര് കടന്നു. എന്നാല്‍ നാളെ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Aakash Chopra Warns Sanju Samson Ahead T20 World Cup Final Against New Zealand