ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിന് മുന്നറിയിപ്പുമായി മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സായ് സുദര്‍ശനെ പോലെ തന്നെ ടെസ്റ്റ് ഫോര്‍മാറ്റിന് അനുയോജ്യമായ താരമായതിനാലാണ് ദേവദത്തിനെയും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ പടിക്കല്‍ ദീര്‍ഘകാലത്തേക്ക് ടീമിന്റെ ഭാഗമായിരിക്കുമെന്നും കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ പടിക്കല്‍ ടീമില്‍ സ്ഥിര സ്ഥാനം നേടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ദേവദത്ത് പടിക്കലിന് വലിയ പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവ്ദത്ത് പടിക്കല്‍
‘സാഹചര്യത്തിന് അനുസരിച്ച് ടീമില്‍ മാറ്റം വരുത്തിയതായിരുന്നില്ല. ടീമില്‍ ഒരു സ്ഥാനം ഒഴിവുവന്നു, ദേവ്ദത്ത് പടിക്കല്‍ ആ അവസരം സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് ആവശ്യമായ അനുഭവവും കഴിവും നേടിയിട്ടുള്ള, വളരെ മികച്ച സാങ്കേതിക ബാറ്ററാണ് അദ്ദേഹം. സായ് സുദര്‍ശന്‍ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിന് കൂടുതല്‍ അനുയോജ്യനായ താരമാണെന്ന് തോന്നിയതുപോലെ ദേവ്ദത്തിനെയും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്.
സായ് സുദര്‍ശന്‍
ഇത് ഒരു ചെറിയ കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പല്ല. എന്റെ അഭിപ്രായത്തില്‍, ദേവ്ദത്ത് പടിക്കല്‍ ദീര്‍ഘകാലത്തേക്ക് ടീമിന്റെ ഭാഗമായിരിക്കും. കൊളംബോയില്‍ നടക്കുന്ന അടുത്ത മത്സരത്തിലും മികച്ച പ്രകടനം നടത്തിയാല്‍ പടിക്കല്‍ ടീമില്‍ സ്ഥിരമായി ഇടം നേടും. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരീക്ഷണം ന്യൂസിലാന്‍ഡിനെതിരെയും തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരെയുമുള്ള മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയായിരിക്കും,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ സായ് സുദര്‍ശന് പകരമായി എത്തിയ താരമാണ് ദേവ്ദത്ത് പടിക്കല്‍. മൂന്നാം നമ്പറില്‍ ഇറങ്ങി മിന്നും പ്രകടനം കാഴ്ചവെക്കാനും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും താരത്തിന് സാധിച്ചു.
ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.
ലങ്കയ്ക്കെതിരായ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തിയിരിക്കുകയാണ്. നാളെയാണ് (ഓഗസ്റ്റ് 23) പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Aakash Chopra Warns Indian Batter Devdutt Padikkal