ഇന്ത്യയും ജപ്പാനും തമ്മിലുള്ള മത്സരം നാളെ (സെപ്റ്റംബര്‍ 22) ആരംഭിക്കാനിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ അഭിഷേക് ശര്‍മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര.
മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കണമെന്നും പകരം വൈഭവ് സൂര്യവംശിയെ സഞ്ജു സാംസണിനൊപ്പം കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അഭിഷ്‌കിന് പുറമെ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കി മറ്റ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശര്‍മ
‘വീണ്ടും പറയട്ടെ, അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്ന മത്സരമാണിത്. അഭിഷേക് ഈ മത്സരത്തില്‍ കളിക്കേണ്ട ആവശ്യമില്ല, അവന്‍ വിശ്രമിക്കട്ടെ. പകരം സഞ്ജു സാംസണൊപ്പം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഇറക്കാം. ഈ മാറ്റം തീര്‍ച്ചയായും വരുത്തണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്.
ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ജസ്പ്രീത് ബുംറയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ മത്സരത്തില്‍ ബുംറയെ കളിപ്പിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് പകരം മറ്റ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കാം. എതിരാളികളില്‍ നിന്ന് വലിയ വെല്ലുവിളി പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍, നമ്മുടെ ഏറ്റവും മികച്ച ടീമിനെ തന്നെ കളത്തിലിറക്കേണ്ട ആവശ്യമില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ജസ്പ്രീത് ബുംറ
ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യ-ജപ്പാന്‍ ടി-20 ചരിത്ര പോരാട്ടത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്പോര്‍ട്സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും. കായിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ മത്സരം നടക്കുന്നതിനാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന് സഹായകമാവും. സെപ്റ്റംബര്‍ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.
Content Highlight: Aakash Chopra Told Abhishek Sharma and Jasprit Bumrah to be rested for the match against Japan