| Friday, 20th March 2026, 8:11 pm

ഇത് അവന്റെ വര്‍ഷമാണ്; 2026 ഐ.പി.എല്ലിലെ ടോപ് സ്‌കോററെ പ്രവചിച്ച് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലിന്റെ 19ാം സീസണില്‍ ഓറഞ്ച് ക്യാപ് ആര്‍ക്കാണ് ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാകുമെന്നാണ് ചോപ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയിലൂടെയായിരുന്നു മുന്‍ താരത്തിന്റെ പ്രതികരണം.

യശസ്വി ജെയ്‌സ്വാള്‍

‘ആരായിരിക്കും ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററാവുക? ഇത് യശ്വസി ജെയ്‌സ്വാളിന്റെ വര്‍ഷമായി മാറിയേക്കാമെന്ന് തോന്നുന്നു. എല്ലാ ഐ.പി.എല്ലിന് മുമ്പും ഇത് ജെയ്‌സ്വാളിന്റെ വര്‍ഷമാണെന്ന് ഞാന്‍ പറയാറുണ്ട്. അവനൊരു 700-900 റണ്‍സ് നേടാനാകില്ലേ! എനിക്കവനെ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ജയ്‌സ്വാള്‍ നേടുമെന്നാണ് കരുതുന്നത്,’ ആകാശ് പറഞ്ഞു.

നിലവില്‍ ഐ.പി.എല്ലില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 2166 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 124 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 34.4 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. 152.9 എന്ന പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യുന്ന ജെയ്‌സ്വാളിന് രണ്ട് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും ടൂര്‍ണമെന്റിലുണ്ട്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും. ഇതോടെ തീപാറുമെന്നുറപ്പുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: Aakash Chopra Talking About Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more