| Saturday, 28th March 2026, 10:01 am

അവനൊരു ബമ്പര്‍ സീസണ്‍ ഉണ്ടാകും; പ്രശംസയുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഈ സീസണില്‍ ടോപ് സ്‌കോറര്‍മാരുടെ പട്ടികയിലുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസറ്റുമായ ആകാശ് ചോപ്ര. കഴിഞ്ഞ സീസണുകളില്‍ സ്ഥിരതയോടെ കളിച്ചിട്ടുണ്ടെങ്കിലും ജെയ്‌സ്വാള്‍ ഇത്തവണ 600-650 റണ്‍സ് നേടിയാല്‍ ആളുകള്‍ ശ്രദ്ധിക്കുമെന്ന് ചോപ്ര പറഞ്ഞു. മാത്രമല്ല അത്തരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ താരത്തിന് സാധിക്കുമെന്നും ചോപ്ര കൂട്ടിച്ചോര്‍ത്തു.

‘നിങ്ങള്‍ 600-650 റണ്‍സ് നേടൂ. അത്രയും റണ്‍സ് നേടിയാല്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും, ന്യായമായി പറഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റിന്റെയും റണ്‍സിന്റെയും കാര്യത്തില്‍ യശസ്വി ജെയ്‌സ്വാളിന് കഴിഞ്ഞ മൂന്ന് സീസണുകള്‍ മികച്ചതായിരുന്നു.

അദ്ദേഹം സ്ഥിരമായി റണ്‍സ് നേടുന്നുണ്ട്, പക്ഷെ ഓറഞ്ച് ക്യാപ്പ് നേടിയിട്ടില്ല, . അതിനാല്‍ യശസ്വി ജെയ്‌സ്വാളിന് ഒരു ബമ്പര്‍ സീസണ്‍ ഉണ്ടാകുമെന്നും അദ്ദേഹം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരില്‍ ഒരാളാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യയുടെ ക്യാപ്പ് വളരെ അകലെയാകില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

രാജസ്ഥാന് വേണ്ടി കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്ന് 559 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. 2024ല്‍ 435 റണ്‍സും 2023ല്‍ 625 റണ്‍സും താരം ടീമിന് വേണ്ടി നേടിക്കൊടുത്തിട്ടുണ്ട്.

ഐ.പി.എല്ലില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 2166 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 124 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 34.4 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. 152.9 എന്ന പ്രഹരശേഷിയില്‍ ബാറ്റ് ചെയ്യുന്ന ജെയ്‌സ്വാളിന് രണ്ട് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും ടൂര്‍ണമെന്റിലുണ്ട്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 19-ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: Aakash Chopra Talking About Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more