| Wednesday, 8th April 2026, 10:20 pm

ബുംറയ്‌ക്കെതിരെ 40 പന്തില്‍ നിന്ന് വിരാട് ആകെ അടിച്ചത് മൂന്നെണ്ണം, എന്നാല്‍ അമ്പരപ്പിച്ചത് ഈ കുട്ടി; പ്രശംസയുമായി ചോപ്ര

ശ്രീരാഗ് പാറക്കല്‍

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ക്രിക്കറ്റ് അനലിസ്റ്റും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്ര. ഐ.പി.എല്‍ ചരിത്രത്തിലെ പവര്‍പ്ലേകളില്‍ ജസ്പ്രീത് ബുംറയെ ഏറ്റവും കൂടുതല്‍ സികസറുകള്‍ അടിച്ചത് വിരാട് കോഹ്‌ലിയാണെന്ന് ചോപ്ര പറഞ്ഞു.

വിരാട് നേരിട്ട 40 പന്തില്‍ മൂന്ന് സിക്‌സറാണ് ബുംറയെ അടിച്ചതെന്നും എന്നാല്‍ 15 വയസുള്ള ഒരു കുട്ടി ബുംറയെ ആദ്യ പന്തില്‍ സിക്‌സറടിച്ചെന്നും ചോപ്ര പറഞ്ഞു. അവിശ്വസനീയമായ പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.

‘പവര്‍പ്ലേകളില്‍ ബുംറയെ ഏറ്റവും കൂടുതല്‍ സികസറുകള്‍ അടിച്ചതാരാണ്? അത് വിരാട് കോഹ്ലിയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ പവര്‍പ്ലേയില്‍ ബുംറയെ അദ്ദേഹം മൂന്ന് സിക്സറുകള്‍ അടിച്ചിട്ടുണ്ട്. വിരാട് ബുംറയുടെ 40 പന്തുകള്‍ നേരിട്ടിട്ടുണ്ട്, എന്നാല്‍ 15 വയസുള്ള ഒരു കൊച്ചുകുട്ടി ആദ്യ പന്തില്‍ തന്നെ ബുംറയെ സിക്സര്‍ അടിച്ചു, ആദ്യ അഞ്ച് പന്തില്‍ നിന്ന് രണ്ട് സിക്സറുകളാണ് മൊത്തത്തില്‍ ആ പയ്യന്‍ അടിച്ചത്. അദ്ദേഹത്തിന്റെ പേര് വൈഭവ് സൂര്യവംശി എന്നാണ്. അവന്റെ പ്രകടനം അവിശ്വസനീയമാണ്,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി

ഐ.പി.എല്ലില്‍ ഏപ്രില്‍ ഏഴിന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയത്. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 123ന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 14 പന്തുകള്‍ നേരിട്ട് 39 റണ്‍സായിരുന്നു 15കാരനായ താരത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്‌സില്‍ അഞ്ച് സിക്സും ഒരു ഫോറുമാണ് വൈഭവ് അടിച്ചത്. 278. 57 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഓപ്പണര്‍ മുംബൈ താരങ്ങളെ അടിച്ചൊതുക്കിയത്.

സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 17 പന്തില്‍ 52 റണ്‍സടിച്ച താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

നിലവില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വൈഭവ്. മൂന്ന് മത്സരത്തില്‍ നിന്നും 40.66 ശരാശരിയില്‍ 122 റണ്‍സാണ് വൈഭവിന്റെ പേരിലുള്ളത്. 170 റണ്‍സുമായി യശസ്വി ജെയ്സ്വാളാണ് ഒന്നാമത്.

ഏപ്രില്‍ പത്തിനാണ് രാജസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍. ഗുവാഹത്തി തന്നെയാണ് വേദി.

Content Highlight: Aakash Chopra Talking About Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more