| Wednesday, 22nd July 2026, 1:23 pm

വൈഭവിന് മുഴുവന്‍ അവസരവും നല്‍കാനാണ് സഞ്ജുവിനെ പോലും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്: ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര നാളെ (ജൂലൈ 23) നടക്കും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

2024 ടി-20 ലോകകപ്പിന് ശേഷം സിംബാബ്‌വേയ്‌ക്കെതിരെ കളിച്ചാണ് അഭിഷേക് ശര്‍മ ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടി-20 ബാറ്റര്‍മാരില്‍ ഒരാളായി മാറിയതെന്നും സമാനമായ മുന്നേറ്റമാണ് വൈഭവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ചോപ്ര പറഞ്ഞു. വൈഭവിന് മുഴുവന്‍ അവസരവും നല്‍കാനാണ് സഞ്ജു സാംസണിനെ പോലും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും അതിനാല്‍ വൈഭവിന് ലഭിച്ച വലിയ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേപര്‍ത്തു.

വൈഭവ് സൂര്യവംശി

‘2024 ടി-20 ലോകകപ്പിന് ശേഷം സിംബാബ്‌വേ പര്യടനത്തില്‍ ഇടംകൈ ഓപ്പണറായ അഭിഷേക് ശര്‍മയെ ഞങ്ങള്‍ അവതരിപ്പിച്ചു. അന്ന് അദ്ദേഹം മൂന്നാം നമ്പറിലായിരിക്കാം കളിച്ചിരുന്നത്. പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടി-20 ബാറ്റര്‍മാരില്‍ ഒരാളായി അദ്ദേഹം മാറി. വൈഭവ് സൂര്യവംശിയില്‍ നിന്നും സമാനമായ മുന്നേറ്റമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് വൈഭവ് കളിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനോടകം തന്നെ ടീമില്‍ നിന്ന് പുറത്താകുന്നതിന്റെ അനുഭവവും അദ്ദേഹത്തിനുണ്ട്. ഇന്ത്യക്കായി കഴിഞ്ഞ മത്സരം കളിക്കാതിരുന്നതിനാല്‍ ഇനി തിരിച്ചുവരവിനായാണ് അദ്ദേഹം ഇറങ്ങുന്നത്.

അതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലായിരിക്കും. വൈഭവിന് മുഴുവന്‍ അവസരവും നല്‍കാനാണ് നിങ്ങള്‍ സഞ്ജു സാംസണിനെ പോലും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. അതിനാല്‍ ഇപ്പോള്‍ ഇത് വൈഭവിന് ലഭിച്ച വലിയ അവസരമാണ്,’ ചോപ്ര അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിലാണ് 15കാരനായ വൈഭവ് സൂര്യവംശി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 10 പന്തില്‍ 15 റണ്‍സും രണ്ടാം മത്സരത്തില്‍ അഞ്ച് പന്തില്‍ 13 സിക്‌സും മൂന്നാം മത്സരത്തില്‍ 10 പന്തില്‍ 14 റണ്‍സുമാണ് വൈഭവ് നേടിയത്.

ലോകകപ്പ് ചാമ്പ്യന്‍ സഞ്ജു സാംസണിനെ മാറ്റിയായിരുന്നു യുവ താരത്തിന് അവസരം നല്‍കിയത്. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതിനാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ വീണ്ടും സഞ്ജുവിനെ ഇലവനില്‍ എടുത്തിരുന്നു. മത്സരത്തില്‍ 15 പന്തില്‍ 23 റണ്‍സായിരുന്നു സഞ്ജു നേടിയത്.

നിലവില്‍ സിംബാബ്‌വേ പര്യടനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡില്‍ പോലുമില്ല. അതേസമയം സിംബാബ്‌വേയ്‌ക്കെതിരെ വൈഭവ് സൂര്യവംശി മിന്നും പ്രകടനവുമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Aakash Chopra Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more