അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് ജൂണ്‍ 13ന് ധര്‍മശാലയില്‍ തുടക്കമാകും. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഏകദിനത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗില്‍ സ്ഥിരത നേടിയിട്ടില്ലെന്നും, എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗില്‍ റണ്‍സ് നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍)
‘ശുഭ്മന്‍ ഗില്‍ ആറ് മത്സരങ്ങളില്‍ ക്യാപ്റ്റനായിരുന്നു, രണ്ട് പരമ്പരകളിലും ഞങ്ങള്‍ തോറ്റു. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലന്‍ഡിനെതിരെയും ഒരു മത്സരം മാത്രമേ ഞങ്ങള്‍ വിജയിച്ചിട്ടുള്ളൂ. അതിനാല്‍, ഈ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ട്, അദ്ദേഹം തുടര്‍ന്നും റണ്‍സ് നേടും. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍, റണ്‍സിനായി അദ്ദേഹത്തെ ആശ്രയിക്കാം,’ ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ നായകനായ ശേഷം ഗില്‍ നാല് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. 50 ശതമാനമാണ് താരത്തിന്റെ വിജയശതമാനം. ഏകദിന ഫോര്‍മാറ്റില്‍ 61 മത്സരങ്ങളില്‍ നിന്ന് 2953 റണ്‍സാണ് താരം നേടിയത്. 55.72 എന്ന ശരാശരിയിലാണ് താരം ബാറ്റ് വീശിയത്. എട്ട് സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ താരം നേടിയത്. 17 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. 208 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നായകനെന്ന നിലയില്‍ ഗില്‍ 2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് താരം സീസണില്‍ നേടിയത്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും താരം നേടി.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശ്വസി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.
Content Highlight: Aakash Chopra Talking About Shubhman Gill