ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. 2022ലെയും 2023ലെയും ലോകകപ്പില്‍ സഞ്ജു കളിച്ചിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നു എന്ന് പലരും വിശ്വസിച്ചിരുന്നെന്നും എന്നാല്‍ സഞ്ജുവിന്റെ ബാറ്റിങ് ലോകകപ്പിന്റെ ഫലത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടാക്കുമായിരുന്നില്ലെന്ന് ചോപ്ര പറഞ്ഞു.
‘ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ നിലവാരം മികച്ചതാണ്. അതിനാല്‍ ഒരു അവസരം ലഭിക്കുമ്പോള്‍ അത് രണ്ട് കൈകൊണ്ടും പിടിച്ചെടുക്കണം. എന്തെങ്കിലും കാരണത്താല്‍ അത് കളഞ്ഞുകുളിച്ചാല്‍ പിന്നീട് ഖേദിക്കേണ്ടി വരും. വീണ്ടും വരിയുടെ ഏറ്റവും പിന്നില്‍ പോയി നില്‍ക്കേണ്ടി വരും. എല്ലാവര്‍ക്കും അങ്ങനെയൊരു കാലഘട്ടമുണ്ടാകും. സഞ്ജുവിനും അത്തരമൊരു ഘട്ടം ഉണ്ടായിരുന്നു.
സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ദൈവത്തിന്റെ വരദാനമാണെന്നും, അദ്ദേഹത്തെ കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അന്നത്തെ അന്തരീക്ഷം. 2022ലെയും 2023ലെയും ലോകകപ്പുകളില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ഫൈനല്‍ ജയിക്കുമായിരുന്നുവെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ സത്യം എന്തെന്നാല്‍, സഞ്ജുവിന്റെ ബാറ്റിങ് ലോകകപ്പിന്റെ ഫലത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടാക്കുമായിരുന്നില്ല,’ ഒരു അഭിമുഖത്തില്‍ ചോപ്ര പറഞ്ഞു.
അതേസമയം 2026ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതായ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടുമുള്ള മത്സരത്തില്‍ നിറം മങ്ങിയത് കാരണമാക്കി സഞ്ജുവിന് അര്‍ഹിച്ച അവസരങ്ങള്‍ നല്‍കാത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും ഉയരുന്നത്. സിംബാബ്‌വേ പര്യടത്തിലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തത് വലിയ രീതിയില്‍ ചര്‍ച്ചചെയ്തിരുന്നു.
Content Highlight: Aakash Chopra talking About Sanju Samson